തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെപിസിസി ആര്‍എസ്എസിന്റെ മെഗാഫോണായി മാറിയേന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ ചരിത്രം മറന്നാണ് കെപിസിസിയുടെ ഇപ്പോഴത്തെ നിലപാടുകള്‍. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തകരുടെ നിലപാട് എന്തൊരു വിരോധാഭാസമാണെന്നും, ടികെ മാധവനയും കെ കേളപ്പനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ നിലകൊണ്ടത് സ്ത്രീകള്‍ ഒഴികെയുള്ളവരുടെ ക്ഷേത്ര പ്രവേശനത്തിനല്ലെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.
ചരിത്ര പ്രാധാന്യമുള്ള വിധിയാണിത്. ഈ കോടതി വിധി നടപ്പാക്കുക എന്നത് മാത്രമേ വഴിയുള്ളു. അതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ വേണ്ടി കോടതി സ്വീകരിച്ച ഭരണഘടനാപരമായ നിലപാടാണിത്. ഇതിനെതിരായ സമരം ഭരണഘടനയെ വെല്ലുവിളിക്കലാണ്. വിധിക്കെതിരെ നടത്തുന്ന ആത്മഹത്യാപരമായ ഈ സമീപനം തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.
ഈ സമരത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് സിപിഎം വിപുലമായ ക്യാംപെയിന്‍ സംഘടിപ്പിക്കും. കേരളത്തില്‍ കലാപം നടത്താനുള്ള ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെ ഒരുവിഭാഗത്തിന്റെയും ശ്രമത്തെ ശക്തമായി ചെറുത്തുനില്‍ക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. കേരളത്തിന്റെ പുരോഗമന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി കേരളം രംഗത്തിറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും നേരത്തെ രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി വിധി മാനിക്കുന്നു എന്നും. വിധിയെ മറികടക്കേണ്ടത് പ്രവര്‍ത്തി കൊണ്ടാണെന്നും, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.