തിരുവനന്തപുരം: കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ടിപി വധക്കേസ് പ്രതിയുമായ കുഞ്ഞനന്തനെ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് കോടിയേരി പറഞ്ഞു. കൊടി സുനി പാര്‍ട്ടി അംഗമല്ലെന്നും കോടിയേരി പറഞ്ഞു.
ആക്രമരാഷ്ട്രീയം ഇല്ലതാകണം.കേരളത്തില്‍ ആക്രമരാഷ്ട്രീയത്തിന് എതിരെ ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുന്നുണ്ട്. പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രാദേശികമായി തന്നെ ഇടപെടണം. പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള അവസരം തടയണം.
ആക്രമിക്കപ്പെടുന്നവര്‍ അനുഭവിക്കുകയെന്ന വ്യവസ്ഥയ്ക്ക് മാറ്റം വരുന്നതിനായി ഈ സര്‍ക്കാര്‍ നിയമം കൊണ്ടു വന്നു. കാസര്‍കോട് കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി പുറത്താക്കും. ഇന്നലെ സിപിഎമ്മിനെതിരെ ആക്രമങ്ങള്‍ നടന്നു. പക്ഷേ തിരിച്ച് ആക്രമിക്കാന്‍ പാടില്ലെന്ന് താന്‍ ആവശ്യപ്പെടുകയാണ്.
പാര്‍ട്ടി ഗ്രാമത്തിലെ ഒളിച്ചാല്‍ എങ്ങനെയാണ് പോലീസ് ലോക്കല്‍ കമ്മിറ്റി അംഗത്തെ പിടിച്ചത്. കസ്റ്റഡിയിലെടുക്കുന്നത് കൊണ്ട് എല്ലാവരും കുറ്റവാളികളാകില്ല. യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുകയില്ല. അത്യാവശ്യമായി വന്നാല്‍ മാത്രമാണ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാസര്‍കോട്ടെ ഇരട്ട കൊലപാതകത്തില്‍ പ്രതിചേര്‍ത്ത പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ജില്ലാ കമ്മിറ്റിയുടെ നടപടി സംസ്ഥാന സെക്രട്ടറി ശരിവെക്കുകയും ചെയ്തു.
Discussion about this post