ചിറ്റൂര്‍: ഹര്‍ത്താല്‍ ദിനമായ ഇന്നലെ ചിറ്റൂര്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തുച്ഛമായ വിലയ്ക്ക് ബിരിയാണി വീടുകളില്‍ വിതരണം ചെയ്തു. തിങ്കളാഴ്ച നടത്താനിരുന്ന നവസംരംഭക വിദ്യാര്‍ഥികള്‍ക്കായുള്ള ഇഗ്നൈറ്റ്-2019 എന്ന വികസനസംഗമത്തോടനുബന്ധിച്ച് ഭക്ഷ്യമേളയ്ക്കായി ഒരുക്കിയ ബിരിയാണിയാണ് വിവിധ വീടുകളില്‍ എത്തിച്ചത്.
പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് ഹര്‍ത്താലെത്തുന്നത്. കേരളത്തിലെ 1500-ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സ്റ്റാളുകളും, ഭക്ഷ്യമേളകളും സംഘടിപ്പിച്ച് അതില്‍ നിന്ന് കിട്ടുന്ന പണം വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് ധനസഹായമായി നല്‍കാനും ഉദ്ദേശിച്ചിരുന്നു.
ഞായറാഴ്ച വൈകീട്ട് 1.15 ലക്ഷം രൂപ മുടക്കി വിദ്യാര്‍ത്ഥികള്‍ 2000-ത്തോളം പേര്‍ക്കുള്ള ചിക്കന്ബിരിയാണിയും വെജിറ്റബിള്‍ ബിരിയാണിയുമുണ്ടാക്കി. തത്തമംഗലത്തെ വീട്ടിലായിരുന്നു പാചകം. രാവിലെ ബിരിയാണി കോളേജിലെത്തിക്കാന്‍ നേരമാണ് ഹര്‍ത്താല്‍ വിവരമറിഞ്ഞത്.
എന്തുചെയ്യണമെന്നറിയാതായതോടെ സാമ്പത്തിക നഷ്ടമൊഴിവാക്കാന്‍ ബിരിയാണി നാട്ടുകാര്‍ക്ക് തുച്ഛമായി വില്ക്കാന് തീരുമാനിച്ചു. കേടുവരുംമുമ്പ് വില്‍പ്പന നടത്താന്‍ രാവിലെത്തന്നെ സാമൂഹികമാധ്യമത്തിലൂടെ ഫോണ്‍നമ്പര്‍ സഹിതം പലര്‍ക്കും മെസേജുകളും അയച്ചു. ‘ബിരിയാണി കിറ്റുകളുണ്ട്. ഈ നമ്പറില്‍ വിളിച്ചാല്‍ വീട്ടിലെത്തിക്കും. വെജിറ്റബിള്‍ ബിരിയാണി-55 രൂപ, ചിക്കന്‍ ബിരിയാണി -65 രൂപ’- ഇതായിരുന്നു മെസേജ്. മെസേജ് കണ്ടപാടെ ആളുകളുടെ വിളിയെത്തി.
നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങളടക്കം ചേര്‍ന്ന് കിറ്റ് വിതരണം ചെയ്തു. വണ്ടികളില്ലാത്തത് വിദ്യാര്‍ത്ഥികളെ വലച്ചെങ്കിലും മൂന്നുമണിവരെ വിതരണം നടത്തി. വീടുകളിലെത്തിച്ചു നല്‍കിയിട്ടും 75000 രൂപമാത്രമാണ് കിട്ടിയതെന്ന് പരിപാടി കോ-ഓര്‍ഡിനേറ്റര്‍ പ്രദീഷ് പറഞ്ഞു.
Discussion about this post