ശരത്ത് വഴിയരികില്‍ വെട്ടേറ്റ് കിടക്കുന്നത് കാണേണ്ടി വന്നത് സ്വന്തം സഹോദരിക്ക്! വിശ്വസിക്കാനാകാതെ കല്യോട്ട് ഗ്രാമം

പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ സദ്യ വിളമ്പാനും മറ്റും ഓടിനടന്നതായിരുന്നു കൊല്ലപ്പെട്ട ശരത്തും കൃപേഷും. കണ്ണൂര്‍ റജിസ്‌ട്രേഷന്‍ ജീപ്പിലെത്തിയ സംഘം ഈ സ്ഥലത്തുണ്ടായിരുന്നു. ഇവരെ സംഘാടകര്‍ക്കു പരിചയമുണ്ടായിരുന്നില്ല.

കാസര്‍കോട്: പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന രണ്ട് യുവാക്കളെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്ഷേത്രത്തിലെ സംഘാടകസമിതി യോഗത്തില്‍ ഞായറാഴ്ച ശരത്ലാലും കൃപേഷും പങ്കെടുത്തിരുന്നു. പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ സദ്യ വിളമ്പാനും മറ്റും ഓടിനടന്നതായിരുന്നു കൊല്ലപ്പെട്ട ശരത്തും കൃപേഷും. കണ്ണൂര്‍ റജിസ്‌ട്രേഷന്‍ ജീപ്പിലെത്തിയ സംഘം ഈ സ്ഥലത്തുണ്ടായിരുന്നു. ഇവരെ സംഘാടകര്‍ക്കു പരിചയമുണ്ടായിരുന്നില്ല.

വൈകീട്ട് ശരത്തിന്റെ വീട്ടുകാര്‍ മുന്നാട് ജയപുരത്ത് വിവാഹസത്കാരത്തിന് പോയിരുന്നു. മൂന്നുനാല് ജീപ്പുകളിലായി പോയ ഇവര്‍ സന്ധ്യയ്ക്ക് ഏഴരയോടെയാണ് കൂരാങ്കരയില്‍ തിരിച്ചെത്തിയത്. ആദ്യസംഘത്തിന്റെ ജീപ്പ് എത്തുമ്പോള്‍ അസാധാരണമായി ഒന്നുമില്ല. അതില്‍ നിന്നിറങ്ങിയവര്‍ വീടുകളിലേക്കുപോയി. 7.40 ന് ശരത്തിന്റെ സഹോദരി അമൃതയും അച്ഛന്റെ ജ്യേഷ്ഠന്‍ ദാമോദരനും ബന്ധുക്കളും അടങ്ങുന്ന രണ്ടാമത്തെ ജീപ്പ് വന്നു നിന്നു. അപ്പോള്‍ റോഡരികില്‍ ഒരു ബൈക്ക് അല്‍പ്പം ചെരിഞ്ഞ് നില്‍ക്കുന്നത് കണ്ടു. ബൈക്കപടകമാണെന്ന് വിചാരിക്കുകയായിരുന്നു.

റോഡരികില്‍ ബൈക്ക് മറിഞ്ഞിരിക്കുന്നതു കണ്ടു നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണു ശരത് അബോധാവസ്ഥയില്‍ രക്തം വാര്‍ന്നുകിടക്കുന്നതു കണ്ടത്. ശരത്തിന്റെ സഹോദരി അമൃതയടക്കം ജീപ്പിലുണ്ടായിരുന്ന സ്ത്രീകളെ ദാമോദരന്‍ വീടുകളിലേക്ക് പറഞ്ഞുവിട്ട് ശരത്തിനെ കോരിയെടുക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍നിന്നു മംഗളൂരുവിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഒപ്പം കൃപേഷും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു വീണ്ടും തിരച്ചില്‍ നടത്തി. 150 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ പോലീസ് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടുകൊണ്ടു വീടു ലക്ഷ്യമാക്കി ഓടുന്നതിനിടെ കൃപേഷ് വീണുപോകുകയായിരുന്നുവെന്നു കരുതുന്നു.

കൃപേഷിന്റെ തലയില്‍ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റു. തലച്ചോര്‍ പിളര്‍ന്നിരുന്നു. ശരീരത്തില്‍ വാള്‍ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാല്‍മുട്ടിനു താഴെ. മൂര്‍ച്ചയേറിയ വാളുപയോഗിച്ചു നെറ്റിയില്‍ വെട്ടിയതിനാല്‍ 23 സെന്റ്റീമീറ്റര്‍ നീളത്തിലുള്ള പരുക്കും മഴു പോലുള്ള കനമുള്ള ആയുധത്താല്‍ വലതു ചെവി മുതല്‍ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പോലീസിനു കൈമാറും.

Exit mobile version