കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘം വിപുലീകരിച്ചുവെന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കര്‍ണാടക പൂര്‍ണ്ണസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇരട്ട കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നാണ് പോലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ കൊല്ലപ്പെട്ട ശരത്ലാല് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
കൊല്ലപ്പെട്ട ഇരുവരുടെയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തുവന്നു. കൊടുവാള് പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോര്‍ട്ട്. ശരത് ലാലിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത് ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളില്‍.
ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
Discussion about this post