പത്തനംതിട്ട: ദേവസ്വം ബോര്‍ഡിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്തത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം മാധ്യമ സൃഷ്ടികള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധിയ്ക്ക് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കി കൊണ്ട് നിരവധി വാര്‍ത്തകളാണ് മലയാളത്തിലെ മുഖ്യധാരാ പത്രമാധ്യമം അടക്കമുളള പത്രങ്ങളും ചില ഓണ്‍ലൈന്‍, വെബ് മാധ്യമങ്ങളും നല്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കി ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്ക് തന്നെ അതിന്റെ നിജസ്ഥിതി ബോധ്യമുണ്ടെങ്കിലും, അവര്‍ അതൊക്കെ മൂടിവച്ച് തെറ്റായ പ്രചരണങ്ങളാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നെന്നും, ഇത്തരം വാര്‍ത്തകള്‍ അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണെന്നും പത്മകുമാര്‍ വ്യക്തമാക്കി.
‘സന്നിധാനത്തേക്ക് സിപിഐ(എം) സ്ക്വാഡ്’, ‘പാര്‍ട്ടിക്കാരെ ദിവസവേതനത്തിന് വച്ച് സന്നിധാനം നിയന്ത്രിക്കാന്‍ സിപിഐ(എം)’, ‘അരവണ തയ്യാറാക്കുന്നതിനും അന്നദാനത്തിനും ചുക്കുവെള്ള വിതരണത്തിനും ഇക്കുറി ഡിവൈഎഫ്ഐക്കാര്‍’, ‘1680 പേരെ താല്ക്കാലികാടിസ്ഥാനത്തില് ശബരിമലയിലും നിലയ്ക്കലിലുമായി നിയമിച്ചു’ എന്നിങ്ങനെ തലക്കെട്ട് നല്‍കികൊണ്ടുള്ള വാര്‍ത്തകളാണ് പ്രമുഖ പത്രവും, ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചരിപ്പിച്ചിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു എന്ന് ഒരു സ്ഥലത്ത് പറയുകയും എന്നാല്‍ നിയമിക്കുമെന്ന് മറ്റൊരു സ്ഥലത്ത് പരാമര്‍ശിക്കുകയും ചെയ്യുന്ന ഇത്തരം മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെ അപ്രസക്തമാക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് ആരോപിച്ചു.
ശബരിമലയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്ന പതിവുണ്ടെന്നും അതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചുപോരാറുണ്ടെന്നും, മുന്‍പത്തെ പോലെ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇത്തവണയും അപേക്ഷ ക്ഷണിച്ചിട്ടുള്ളതെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ ചില പ്രമുഖ പത്രങ്ങള്‍ പോലും വലിയ തലക്കെട്ട് നല്കി പ്രസിദ്ധീകരിക്കുന്നതിന് പിന്നില്‍ ബോര്‍ഡിനെ തകര്‍ക്കുക എന്ന അത്തരക്കാരുടെ വ്യക്തമായ അജണ്ടയും ഗൂഢാലോചനയും ആണ് ദൃശ്യമാകുന്നത്. ശബരിമലയെ തകര്‍ക്കുകയെന്ന ചിലരുടെ ഗൂഢോദ്ദേശം നടപ്പിലാക്കാന്‍ ചില മാധ്യമങ്ങള്‍ വഴിയൊരുക്കുകയാണ്. ദേവസ്വം ബോര്‍ഡിനെ കരിവാരി തേയ്ക്കുക, ഇല്ലാത്ത വാര്‍ത്തകള്‍ നല്കി ശബരിമലയിലെ മണ്ഡല മകരവിളക്ക് ഉത്സവം അട്ടിമറിക്കുക എന്ന ലക്ഷ്യവും ഇത്തരം ശക്തികള്‍ക്ക് പിന്നിലുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Discussion about this post