തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയത ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനമൊട്ടാകെ മിക്കയിടത്തും വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്തു.
കൊയിലാണ്ടിയില്‍ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെപി ശ്രീധരനെ സമരാനുകൂലികള്‍ കടയ്ക്ക് അകത്തിട്ട് പൂട്ടി. പിന്നീട് പോലീസ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തിറക്കിയത്. ഇടുക്കി രാജാക്കാട് വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
എറണാകുളത്ത് പെരുമ്പാവൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ വാഹനം തടയുന്നുണ്ട്. സൗത്ത് കളമശ്ശേരിയില്‍ മുട്ട വിതരണക്കാരനെ യൂത്ത് കോണ്‍ഗ്രസ് കൈയ്യേറ്റം ചെയ്യുകയും വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മുട്ടകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.
കരുനാഗപ്പള്ളിയില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്ന ആളെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചു. മലപ്പുറത്ത് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് നേരെയും അക്രമമുണ്ടായി.
പുനലൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് ഡിപ്പോയിലേക്ക് മടക്കി അയച്ചു. കോഴിക്കോട് നാദാപുരം, ബാലുശ്ശേരി, വടകര എന്നിവിടങ്ങളിലും ബസുകള്‍ തടയുകയും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തു.
കോഴിക്കോട് കുന്ദമംഗലത്തും പന്തീര്‍പാടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പാലക്കാട് വാളയാറില്‍ സര്‍വ്വീസ് നടത്തിയ അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
കട്ടപ്പനയില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.