കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ സിപിഐ.! രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ സിപിഐ പ്രാദേശിക നേതൃത്വമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍ രേഖപ്പെടുത്തി.

നേരത്തെ സിപിഐ പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

കൊല്ലപ്പെട്ട ശ്യാംലാലിന്റേയും കൃപേഷിന്റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തുവന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.

ശരത് ലാലിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളില്‍.

കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്റീമീറ്റര്‍ നീളത്തിലും രണ്ട് സെന്റീമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകര്‍ന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്ലാല്‍ മരിച്ചത്. കൊടുവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതിന് ശേഷം ശ്യാംലാലിന്റേയും കൃപേഷിന്റേയും മൃതദേഹങ്ങള്‍ പരിയയിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. വൈകുന്നേരത്തോടെ ഇരുവരുടേയും വീട്ടുവളപ്പില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.

Exit mobile version