കോഴിക്കോട്: ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും, സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ച് സംഘടനാ നേതാക്കള്‍. അതേസമയം തുറന്ന കടകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്.
സൗത്ത് കളമശ്ശേരിയില്‍ മുട്ട വിതരണക്കാരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു, വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മുട്ടകളാണ് ഹര്‍ത്താലനുകൂലികള്‍ നശിപ്പിച്ചത്. നോര്‍ത്ത് കളമശ്ശേരി മാര്‍ക്കറ്റിലുള്ള മുട്ട കടയില്‍ നിന്നും സൗത്ത് കളമശ്ശേരിയിലെ തുറന്നിരുന്ന കടകളില്‍ മുട്ട വിതരണത്തിനെത്തിയ മണ്ണോപ്പിളളി വീട്ടില്‍ അസീസിന്റെ വാഹനം തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മുട്ടകള്‍ എറിഞ്ഞുടച്ചത്.
കൊയിലാണ്ടിയില്‍ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെപി ശ്രീധരനെ സമരാനുകൂലികള്‍ കടക്ക് അകത്തിട്ടു പൂട്ടി. പോലീസെത്തിയാണ് വ്യാപാരി സംഘടനാ നേതാവിനെ രക്ഷപ്പെടുത്തിയത്.
ഇടുക്കി രാജാക്കാട് വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമായി. കട തുറക്കാന്‍ എത്തിയവരെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു. അതേസമയം തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
Discussion about this post