കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
കാസര്‍കോട് പെരിയയില്‍ കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, കാസര്‍കോട് ഹര്‍ത്താല്‍ സമാധാനപരമാണ്. ജില്ലയില്‍ അക്രമങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹര്‍ത്താലിനെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ വൈകിയതിനാല്‍ അന്തര്‍ സംസ്ഥാന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും ജില്ലയില്‍ സര്‍വ്വീസ് തുടങ്ങിയിട്ടില്ല.
അതേസമയം, കോഴിക്കോട് പന്തീര്‍പ്പാടത്ത് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വയനാട്ടിലേക്ക് പോകുകയായിരുന്നു ബസുകള്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.
അതേസമയം തിരുവനന്തപുരം കിളിമാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു.
Discussion about this post