നിലമ്പൂര്‍: വിദ്യാര്‍ത്ഥി രക്താര്‍ബുദം ബാധിച്ച് മരിച്ചതില്‍ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്. മലപ്പുറം നിലമ്പൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. അധ്യാപകര്‍ മാതാപിതാക്കളെ രോഗവിവരം അറിയിച്ചിരുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും കുട്ടിയുടെ മൃതദേഹവുമായി ഒരു മണിക്കൂറോളം സ്കൂള്‍ ഉപരോധിച്ചു. പോത്തുകല്ല് അപ്പന്‍കാപ്പ് ആദിവാസി കോളനിയില്‍നിന്നുള്ള സതീഷാണ് ഇന്നലെ രാത്രി മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.
മരണശേഷമാണ് കുട്ടിയുടെ രോഗവിവരം മാതാപിതാക്കളെ അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്കൂള്‍ ഉപരോധിച്ചത്.
രക്ഷിതാക്കളുടെ പരാതി പരിശോധിക്കുമെന്ന് ഐടിഡിപി ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അപ്പന്‍കാപ്പ് കോളനിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ സതീഷിന് രക്താര്‍ബുദം ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആര് സൗദാമിനിയുടെ പ്രതികരണം.
Discussion about this post