കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുള്ള, പ്രിയപ്പെട്ടവരുടെ സ്വന്തം കുഞ്ഞിക്ക ജീവിതത്തില്‍ നിന്ന് യാത്രയായിട്ട് ഒരു വര്‍ഷം തികയുന്നു. സാഹിത്യത്തില്‍ തന്റെതായ പാതകളിലൂടെ സഞ്ചരിച്ച പുനത്തില്‍ കുഞ്ഞബ്ദുളള 2017 ഒക്ടോബര്‍ 27നായിരുന്നു അന്തരിച്ചത്.
സ്മൃതിയെന്ന പേരില്‍ ഇന്ന് വടകര ടൗണ്‍ഹാളില്‍ അനുസ്മരണ പരിപാടി നടത്തും. എം മുകുന്ദനാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. വൈകിട്ട് നടക്കുന്ന സമാപന പരിപാടി എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനായി ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഇതിന്റെ പ്രസിഡന്റും ടി രാജന്‍ സെക്രട്ടറിയുമാണ്. വി ടി മുരളി, രാജേന്ദ്രന്‍ എടത്തുംകര, പുനത്തിലിന്റെ മകന്‍ ഡോ വഹാബ് അബ്ദുള്ള, സഹോദരന്‍ പ്രൊഫ ഹുസൈന്‍ എന്നിങ്ങനെ 18 അംഗങ്ങള്‍ ഈ ട്രസ്റ്റിലുണ്ട്.
പുനത്തിലിനായി സ്മാരക മന്ദിരം പണിയാനുളള ഒരുക്കത്തിലാണ് ട്രസ്റ്റ്. വടക്കേ മലബാറിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായി ഇതിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി വടകര റെയില്‍വേ സ്‌റ്റേഷന് പടിഞ്ഞാറു ഭാഗത്തായി രണ്ട് ഏക്കര്‍ സ്ഥലം ട്രസറ്റ് വാങ്ങും. ഇതിനുള്ള അഡ്വാന്‍സ് നല്‍കി. മിനി തിയേറ്റര്‍, സമ്മേളന ഹാള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും സ്മാരക മന്ദിരം.
45 ലധികം കൃതികള്‍ അദ്ദേഹത്തിന്റെതായിട്ട് ഉണ്ട്. ഇതില്‍ ഏഴ് നോവലുകളും 15 ചെറുകഥാസമാഹാരങ്ങളും യാത്രാവിവരണങ്ങളും ഉള്‍പ്പെടും. ഒന്നും മറയ്ക്കാതെ സത്യസന്ധമായി ജീവിതം ആസ്വദിക്കണമെന്ന പക്ഷക്കാരനായിരുന്നു പുനത്തില്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയുള്‍പ്പെടെ ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്
1940 ഏപ്രില്‍ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയില്‍ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളെജില്‍ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയില്‍നിന്ന് എംബിബിഎസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്.