തൃശ്ശൂര്‍: ധവള വിപ്ലവത്തിന്റെ പിതാവായ ഡോ വര്‍ഗീസ് കുര്യന് ജന്മനാടിന്റെ ആദരവ്. ഡോ വര്‍ഗീസ് കുര്യന്‍ ക്ഷീരമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജിയുടെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. തൃശ്ശൂരിലെ മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ വര്‍ഗീസ് കുര്യന്റെ ഓര്‍മ്മയ്ക്കായി ഒരു സ്മാരകം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പത്മ പുരസ്‌കാരം അടക്കം നല്‍കി രാജ്യം ആദരിച്ച വര്‍ഗീസ് കുര്യന് അര്‍ഹമായ ആദരമൊരുക്കിയാണ് വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജി ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നിന്ന് ലഭ്യമായ 24 കോടി രൂപ ചെലവഴിച്ചാണ് വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജി പൂര്‍ത്തീകരിച്ചത്. ഏകദേശം ഒരു ലക്ഷം ചതുശ്രയടി അടി വിസ്തീര്‍ണമുളള കെട്ടിട സമുച്ചയത്തില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളാണ് പ്രധാനമായും നടത്തുക.
കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയിലാണ് വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജിലെ ലബോറട്ടറികള്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പാല്‍ സംസ്‌കരണത്തിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും പ്രത്യേക സൗകര്യവും ഇവിടെയുണ്ട്.
Discussion about this post