തിരുവനന്തപുരം: തൊളിക്കോട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്ക് വേണ്ടിയുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ഷഫീഖ് അല്‍ ഖാസിമിയുടെ സഹോദരന് അല്‍ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്.
ഇമാം ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇമാം ബംഗളൂരുവിലേക്ക് കടന്നതായി സഹോദരങ്ങള്‍ സമ്മതിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ സഹോദരന് നൗഷാദിനൊപ്പമാണ് ഇമാം എന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ സൂചന. നൗഷാദും ഒളിവിലാണ്.
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഇമാം ഷെഫീക്ക് അല്‍ ഖാസ്മി കൊച്ചിയില്‍ വാഹനം ഉപേക്ഷിച്ചാണ് ഒളിവില്‍ പോയത്. ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു.
അതേസമയം, നൗഷാദിനെ കണ്ടെത്താന്‍ നെടുമങ്ങാട് ഡിവൈഎസ്പിക്കു കീഴിലുള്ള അന്വേഷണ സംഘം എറണാകുളത്ത് തെരച്ചില്‍ തുടരുകയാണ്. ഇന്നലെ പിടിയിലായവര്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇന്നോവ കാര്‍ പെരുമ്പാവൂരില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പെരുമ്പാവൂര്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്തിയില്ല. ഒടുവില്‍ വൈറ്റില മൊബിലിറ്റി ഹബ്ബിലെ പാര്‍ക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.
ഇന്നലെ പിടികൂടിവരെയും വാഹനത്തെയും പുലര്‍ച്ചയോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്.
Discussion about this post