ലക്കിടി: പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വസന്ത് കുമാറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തൃക്കൈപറ്റ മുക്കംകുന്നിലെ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. രാത്രി പത്തോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. പോലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
മന്ത്രിമാരടക്കമുള്ള ഉന്നതരാഷ്ട്രീയ നേതാക്കളെ കൂടാതെ ആയിരക്കണക്കിന് പേരാണ് രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ ധീര സൈനികന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. വസന്തകുമാര്‍ പഠിച്ച ലക്കിടി സ്‌കൂളിലാണ് ജവാന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിനുവെച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെ നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് വിവി വസന്തിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സൈനിക ബഹുമതികളോടെ ധീരജവാന്റെ മൃതദേഹം ഏറ്റുവാങ്ങി. ഉന്നത സൈനികപോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയസാംസ്‌ക്കാരിക രംഗത്തുനിന്നുള്ളവരും അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, ഇ.പി.ജയരാജന്‍ തുടങ്ങിയവര്‍ അന്ത്യാപചാരമര്‍പ്പിച്ചു.
Discussion about this post