കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് സര്‍വകലാശാല വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വിഭാഗം ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥി അഖില്‍ തായത്താണ് ക്യാംപസില്‍ വച്ചു തന്നെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലുള്ള അഖില്‍ അപകടനില തരണം ചെയ്തു. വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ തുടങ്ങിയവരുടെ പേരുകള്‍ പരാമര്‍ശിച്ച് അഖില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പു ലഭിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിയാണ് അഖില്‍ തായത്ത്. വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ക്യാംപസിനുള്ളില്‍ സമരം തുടരുകയാണ്.
ഇന്നു രാവിലെ എട്ടിനായിരുന്നു സംഭവം. ക്യാംപസിനുള്ളിലെ ഹെലിപാഡിനടുത്തു വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സമീപത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. സര്‍വകലാശാല അധികൃതരെ അധിഷേപിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നു കാണിച്ചാണു അഖിലിനെ കഴിഞ്ഞ ജൂലൈയില്‍ പുറത്താക്കിയത്. എന്നാല്‍ പോസ്റ്റില്‍ അധ്യാപകരുടെയോ അധികൃതരുടെയോ പേരു പരാമര്‍ശിച്ചിരുന്നില്ല.
അഖിലിനെ തിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നവംബറില്‍ നടക്കുന്ന പരീക്ഷ എഴുതാനുള്ള അവസരം പോലും ഇല്ലാതാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്യാംപസില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.