തിരുവനന്തപുരം: മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തെ വലച്ച് അടുത്ത പരിസ്ഥിതി ആഘാതം വരുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്നത് കനത്തവേനലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഫെബ്രുവരി പകുതി ആയപ്പോഴേയ്ക്കും ശരാശരിയില്‍ നിന്നും കൂടുതലാണ് കേരളത്തിലെ താപനില. അമിതമായി വര്‍ധിച്ചില്ലെങ്കിലും മുന്‍വര്‍ഷത്തെക്കാള്‍ അസഹനീയമായ ചൂടാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വര്‍ധിച്ച് വരുന്നത്.
ആലപ്പുഴയിലും കോഴിക്കോടും താപനില വര്‍ധിച്ചത് ഏവരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്ക് നോക്കിയാല്‍, ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രി വരെ കോഴിക്കോട് താപനില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, രണ്ട് ഡിഗ്രിയാണ് ആലപ്പുഴയില്‍ വര്‍ധിച്ചത്. ഫെബ്രുവരി ആദ്യം മുതലുള്ള കണക്കെടുത്ത് നോക്കിയാല്‍ താപനിലയുടെ വര്‍ധന ആശങ്കാജനകമാണ്. പക്ഷേ ഇത് താത്കാലികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പല ജില്ലകളിലും നല്ല മഴ കിട്ടുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു.
തെക്കന്‍ ജില്ലകളില്‍ ശനിയും ഞായറും നല്ല മഴ കിട്ടുമെന്നും പ്രവചിക്കുന്നു. തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍ ന്യൂനമര്‍ദപാത്തി ഉടലെടുക്കുന്നതാണ് മഴപ്രതീക്ഷയ്ക്ക് പിന്നില്‍. പതിവ് ചൂടുകേന്ദ്രങ്ങളായ പാലക്കാടും പുനലൂരും ഇനിയും ചൂടായിത്തുടങ്ങിയിട്ടില്ല. പാലക്കാട് താപനില ശരാശരിയിലും 0.7 ഡിഗ്രി കുറവാണിപ്പോള്‍. പുനലൂരില്‍ വെറും 0.2 ഡിഗ്രിയാണ് കൂടുതല്‍. കോട്ടയത്ത് 1.4 ഡിഗ്രിയും കണ്ണൂരിലും തിരുവനന്തപുരത്തും 1.1 ഡിഗ്രിയും കൂടുതലാണ് ഇപ്പോള്‍ താപനില.
Discussion about this post