കേരള പോലീസിന് ഉടന്‍ ഹെലികോപ്റ്റര്‍ സൗകര്യം, ദുരന്തസാധ്യതാ പ്രദേശങ്ങളിലെ 100 പോലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങും ; ഡിജിപി ലോക്‌നാഥ് ബെഹ്‌റ

പ്രളയദിനങ്ങളില്‍ ഉജ്ജ്വല രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മെഡല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: കേരള പോലീസിന് ഹെലികോപ്റ്റര്‍ സൗകര്യം ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഏതു നിമിഷവും ഏതൊരു ദുരന്തവും വരാം എന്ന രീതിയില്‍ വേണം ഇനി പോലീസ് സേന മുന്നോട്ടുപോകാനെന്നാണ് പ്രളയം നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയത്തില്‍ ആറു ലക്ഷത്തോളം പേരെയാണ് പോലീസും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ദുരിതാശ്വാസ നിവാരണത്തിന് പോലീസിന് ഒരു പരിശീലനവും ലഭിച്ചിട്ടില്ല. ആവശ്യമായ ഒരു സജ്ജീകരണവും അവര്‍ക്കില്ലായിരുന്നു. എന്നിട്ടും സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് അവര്‍ രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തസാധ്യതാ പ്രദേശങ്ങളിലെ 100 പോലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ടോര്‍ച്ച് പോലുമില്ലാത്ത സ്റ്റേഷനുകളുണ്ട്. ആദ്യം 2,000 പേര്‍ക്ക് ദുരന്തനിവാരണത്തില്‍ 15 ദിവസത്തെ അടിസ്ഥാന പരിശീലനം നല്‍കും. ദേശീയ ദുരന്തനിവാരണ സേന ഇതിനുള്ള ആളുകളെ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

ദുരന്തസാധ്യതാ മേഖലയിലുള്ള സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും പ്രളയദിനങ്ങളില്‍ ഉജ്ജ്വല രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മെഡല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളവും നവകേരള നിര്‍മിതിയും’ സെമിനാറില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെപിഒഎ പ്രസിഡന്റ് ഡികെ പൃഥ്വിരാജ് അധ്യക്ഷനായിരുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, യുഎന്‍ഇപിയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി, എസ് സുരേന്ദ്രന്‍, കെ ലാല്‍ജി, സിആര്‍ ബിജു, പിജി അനില്‍കുമാര്‍, കെഎസ് ഔസേപ്പ് തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു.

 

Exit mobile version