തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് കൊടുത്തുവെന്ന മുന്‍ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
ബിജെപി ദേശീയനേതൃത്വത്തിന് താന്‍ പട്ടിക കൈമാറിയിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്രനേതൃത്വം നിശ്ചയിക്കുമെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.
അതേസമയം, നേരത്തെ യുഡിഎഫിനും എല്‍ഡിഎഫിനും മുന്‍പേ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് ശ്രീധരന്‍ പിള്ള വിശദീകരിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറാനായി താന്‍ ന്യൂഡല്‍ഹിയിലേക്ക് പോയിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കൂടിയാലോചന നടന്നില്ലെന്ന പരാതിയുള്ളതായി അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ന് നടന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ നിന്ന് വി മുരളീധരവിഭാഗം വിട്ടുനിന്നിരുന്നു. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, സി കെ പത്മനാഭന്‍ എന്നിവരാണ് വിട്ടുനിന്നത്.
തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയെന്ന് കാണിച്ച് ശ്രീധരന്‍പിള്ളക്കെതിരെ മുരളീധരപക്ഷത്തിലേയും കൃഷ്ണദാസ് പക്ഷത്തിലേയും നേതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.