തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍
ഇമാമിന്റെ സഹോദരന്‍ അല്‍ അമീനെ അറസ്റ്റ് ചെയ്തു. പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ്
കൊച്ചി ഷാഡോ പോലീസ് പിടികൂടി തിരുവനന്തപുരം പോലീസിന് കൈമാറിയത്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതോടെ ഷെഫീക്ക് അല്‍ ഖാസിമിന് മേല്‍ പോലീസ് ബലാത്സംഗക്കേസ് ചുമത്തിയിട്ടുണ്ട്.
ഇമാമിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് അല്‍ അമീന്റെ മൊഴി. അതേസമയം, ഇമാം ഷെഫീക്ക് അല്‍ ഖാസിമി കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ഇമാം, ഹൈക്കോടതി അഭിഭാഷകനില്‍ നിന്നും വക്കാലത്ത് തിരികെ വാങ്ങി. കീഴടങ്ങാനായി ഇമാമിന് മേല്‍ പോലീസ് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുമ്പ് കീഴടങ്ങാന്‍ വക്കീല്‍ മുഖാന്തരം ഇമാമിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലെവിടെയോ ഇമാം ഒളിവിലുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ഛനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. മൂന്ന് ദിവസം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഉമ്മയും ഇളയച്ഛനും മൊഴി നല്‍കുന്നത് വിലക്കിയിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ പറഞ്ഞു. മുമമ്പും ഇമാമില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനം നടന്ന പേപ്പാറ വനമേഖലയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തി.