ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയവുമായി എല്‍ഡിഎഫ്; 30 സീറ്റുകളില്‍ 16ഉം എല്‍ഡിഎഫിന്

ബിജെപി ഒരു സീറ്റുപോലും നേടിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലയിലെ 30 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മികച്ച വിജയം. 16 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിനു 12സീറ്റ്. ബിജെപി ഒരു സീറ്റുപോലും നേടിയില്ല. മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് ഭരണം എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നുറപ്പായി. രണ്ടിടത്തും ഉപതെരെഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.

കൊച്ചി നഗരസഭയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കാലങ്ങളായി യുഡിഎഫ് വിജയിക്കുന്ന വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

ഒഞ്ചിയത്ത് ആര്‍എംപി സിറ്റിംഗ് വാര്‍ഡ് വിജയിച്ചു. എന്നാല്‍ യുഡിഎഫ് പിന്തുണയുണ്ടായിട്ടും അവര്‍ക്ക് വോട്ടും ഭൂരിപക്ഷവും കുറഞ്ഞു. എല്‍ഡിഎഫ് വോട്ട് കൂടുകയും ചെയ്തു. ആലപ്പുഴ നഗരസഭയില്‍ യുഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡില്‍ ഇക്കുറി യുഡിഎഫ് വിമതന്‍ ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് വാര്‍ഡുകള്‍ യുഡിഎഫിനു നഷ്ടമായി. അതില്‍ നാല് വാര്‍ഡ് എല്‍ഡിഎഫും ഒരു വാര്‍ഡ് വിമതനും വിജയിച്ചു. എല്‍ഡിഎഫ് വിജയിച്ച അഞ്ച് വാര്‍ഡുകളില്‍ ഇക്കുറി യുഡിഎഫ് വിജയിച്ചു.

എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ഷെല്‍ബി ആന്റണി (യുഡിഎഫ്), പി കെ ഗോകുലന്‍ (ബിജെപി-), ഫോജി ജോണ്‍ (എഎപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.58 വോട്ടാണ് ഭൂരിപക്ഷം.

Exit mobile version