കൊടുങ്ങല്ലൂര്‍: വെറും 2 ആഴ്ചകൊണ്ട് ഈ മൂന്നംഗസംഘം കൊള്ളയടിച്ചത് 30 ഇടങ്ങളില്‍, കൂടുതലും ക്ഷേത്രവും പള്ളിയും ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളിലും. ഇവരുടെ പക്കല്‍ നിന്നും 4 ബൈക്കുകളും ഒരു സ്‌കൂട്ടറും അര ചാക്ക് നാണയവും 2 മൈക്ക് സെറ്റുകളും കണ്ടെടുത്തു. ഉഴുവത്തുകടവ് കുറ്റിക്കാട്ടില്‍ ഷമീര്‍ (കോക്കാന്‍ ഷമു-21), പറപ്പുള്ളി ബസാര്‍ തകരമഠം തന്‍സീര്‍ (പൂച്ച തന്‍സീര്‍-19), ശാന്തിപുരം പള്ളിനട കാട്ടുപറമ്പില്‍ റിന്‍ഷാദ് (22) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് ജില്ലാ റൂറല്‍ പോലീസ് മേധാവി എംകെ പുഷ്‌കരന്‍, ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അതേസമം നാലംഗ തസ്‌കരന്മാരെ പോലീസ് വലയിലാക്കിയത് ചില സൂചനകള്‍ പിന്തുടര്‍ന്നായിരുന്നു. സമാനമായ സ്ഥലങ്ങളിലെ തുടര്‍ച്ചയായ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കളല്ലെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സിസിടിവികളിലെ സൂചനകള്‍ പരിശോധിച്ചപ്പോള്‍ ആര്‍ഭാട ജീവിതത്തിനായി യുവാക്കള്‍ നടത്തുന്ന കവര്‍ച്ചയായിരിക്കാം എന്നും പോലീസ് അനുമാനിച്ചു. ഇതോടെ പ്രദേശത്തെ കഞ്ചാവ് ഉപയോഗിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായി പോലീസിന്റെ അന്വേഷണം. തുടര്‍ന്നുള്ള സൂചനകളില്‍ നിന്നാണ് കുറ്റിക്കാട്ടില്‍ ഷമീറിനെ പോലീസ് കുരുക്കിയത്. കഞ്ചാവിനായി ആവശ്യക്കാരനെന്ന വ്യാജേനെ എത്തിയ സംഘം ഷമീറിന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും മോഷണം പോയ മൈക്ക് സെറ്റും സ്പീക്കറും കണ്ടെത്തിയതോടെ പോലീസിന് തുമ്പ് ലഭിച്ചു. വലിയ പാട്ട് കമ്പക്കാരനായ ഷമീര്‍ മോഷ്ടിച്ച സിസ്റ്റം വില്‍ക്കാതെ വീട്ടില്‍ ഉപയോഗിക്കുകയായിരുന്നു.
തിലകം, കൊടുങ്ങല്ലൂര്‍, പെരിഞ്ഞനം സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്. കാവില്‍ക്കടവ് അന്നപൂര്‍ണേശ്വരി ക്ഷേത്രം, മയൂരേശ്വരപുരം ക്ഷേത്രം, മതിലകം കിള്ളിക്കുളങ്ങര ക്ഷേത്രം, ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രം, ഉല്ലാസവളവ് കാട്ടുപറമ്പില്‍ ക്ഷേത്രം, കോതപറമ്പ് ക്ഷേത്രം, തൃപ്പേക്കുളം ക്ഷേത്രം, കരിനാട്ട് ക്ഷേത്രം, പെരിഞ്ഞനം പള്ളിയില്‍ ക്ഷേത്രം, പെരിഞ്ഞനം ഗണപതിക്ഷേത്രം, ചക്കരപ്പാടം പള്ളി എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങള്‍ പൊളിച്ചു മോഷണം നടത്തിയതും ഈ പ്രതികളാണ്.
കോതപറമ്പ് സെന്റ് തോമസ് പള്ളിയിലെ 60,000 രൂപ വിലമതിക്കുന്ന സൗണ്ട് സിസ്റ്റം, പറയന്‍പറമ്പിലെ പലചരക്ക് കട കുത്തിത്തുറന്ന് 8,000 രൂപ എന്നിവ മോഷ്ടിച്ചത് ഇവരാണെന്നും പോലീസ് അറിയിച്ചു.
വെള്ളാങ്ങല്ലൂര്‍, ശൃംഗപുരം, പറവൂര്‍ വെടിമറ എന്നിവിടങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കുകളില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചായിരുന്നു സഞ്ചാരം. ജോലിക്ക് പോകാത്ത വരുമാനമില്ലാത്ത ഈ സംഘത്തിന്റെ ആര്‍ഭാട ജീവിതം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ഇവരെ നിരീക്ഷിച്ചിരുന്നു. ഇവര്‍ ദിവസവും ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. എസ്‌ഐ ഇആര്‍ ബൈജു, എസ്‌ഐ എ മുകുന്ദന്‍, പോലീസുകാരായ സിആര്‍ പ്രദീപ്, സിടി രാജന്‍, ഉമേഷ്, വിനോദ്, ഉണ്ണി, സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.