ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി മേധാവി ഡോ.ജോണ്‍ എസ്കുര്യന് നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നഴ്സുമാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ എട്ടിനാരംഭിച്ച പണിമുടക്ക് 11ന് അവസാനിപ്പിച്ച് എല്ലാവരും ജോലിക്ക് കയറി.
ഡോക്ടറെ സസ്പെന്‍ഡു ചെയ്യണമെന്നാണ് നഴ്സുമാരുടെ ആവശ്യം. നഴ്സുമാരുടെ പ്രതിനിധികളും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായി നടന്ന ചര്‍ച്ചയില്‍ ഡോക്ടര്‍ക്കെതിരേ നടപടിയുണ്ടാവുന്നില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും സമരം തുടരുമെന്ന് നഴ്സസ് യൂണിയന് നേതാക്കള്‍ അറിയിച്ചു.
നഴ്സുമാര്‍ പഴയ സൂപ്രണ്ട് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു. വിവിധ നഴ്സിംഗ് സംഘടനകളുടേയും സര്‍വീസ് സംഘടനകളുടേയും നേതൃത്വത്തിലായിരുന്നു ധര്‍ണ. 11 മണിയോടെ ധര്‍ണ അവസാനിപ്പിച്ച് സൂപ്രണ്ട് ഓഫീസില്‍ നിന്ന് പ്രകടനമായി പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് പോയി. നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് ഇന്നു രാവിലെ നടത്താനിരുന്ന എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചു. അത്യാഹിത വിഭാഗം ഒഴികെ മറ്റെങ്ങും രാവിലെ നഴ്സുമാര്‍ ഡ്യൂട്ടിക്ക് കയറിയില്ല.
തീവ്രപരിചരണ വിഭാഗത്തില്‍ പരീശീലനത്തിനെത്തിയ നഴ്സ് ഡ്രസിംഗ് ട്രേ ഒരു രോഗിയുടെ കാലില്‍ വച്ചത് കണ്ട ജനറല്‍ സര്‍ജറി മേധാവി നഴ്സിനെ കിടത്തി ശരീരത്തില്‍ ട്രേ വച്ചുവെന്നാണ് പരാതി.
മൂന്നു കിലോ ഭാരമുള്ള ഡ്രസിംഗ് ട്രേ വയറിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറിനു മുകളില്‍ വച്ചത് കാണാനിടയായി. ഇതിന്റെ പേരിലാണ് നഴ്സിനെ ശിക്ഷിച്ചത്. അല്ലാതെ മോശമായി ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍ ജോണ്‍.എസ്.കുര്യന് വ്യക്തമാക്കി. നഴ്സിനെതിരേ ഡോക്ടറും സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post