പുല്‍വാമ ആക്രമണം..! ബിജെപി സര്‍ക്കാരിന്റെ തലതിരിഞ്ഞ നയമാണ് ആക്രമണങ്ങള്‍ക്ക് കാരണം, ചര്‍ച്ച നടത്താന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടും അതിനു കേന്ദ്രം തയാറായില്ല; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പുല്‍വാമ ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി സര്‍ക്കാരിന്റെ തലതിരിഞ്ഞ നയമാണ് ആക്രമണങ്ങള്‍ക്ക് കാരണമാകുന്നതെന്നും ചര്‍ച്ച നടത്താന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടും അതിനു കേന്ദ്രം തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ബിജെപി അധികാരത്തില്‍ തുടരുന്നിടത്തോളം കാലം ജനാധിപത്യം അപകടത്തില്‍ ആയിരിക്കുമെന്നും ഹിന്ദു എന്ന വികാരം ഇളക്കി വിട്ടു കോര്‍പറേറ്റ് ഭരണം നടത്തുകയാണ് മോഡി സര്‍ക്കാരെന്നും കോടിയേരി കുറ്റപ്പെടുത്തി. എല്ലാ രംഗത്തും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടിയേരി പറഞ്ഞു.

ജമ്മുകാശ്മീരില്‍ ഉണ്ടായ ആക്രമണത്തില്‍ 39 ജവാന്മാരാണ് മരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു.

എന്നാല്‍ തീവ്രവാദികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി ആവശ്യപ്പെട്ടു. 2016 ല്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമാനമായ ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Exit mobile version