ശബരിമല: വേനല്‍ കടുക്കുന്നതോടെ പമ്പാനദിയും വറ്റി വളുന്നു. ഇപ്പോള്‍ പാദത്തിനൊപ്പമാണ് വെള്ളം നില്‍ക്കുന്നത്. അയ്യപ്പന്മാരുടെ പുണ്യസ്നാനത്തിന് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ പമ്പാനദിയില്‍ വെള്ളമെത്തിക്കാന്‍ ശബരിഗിരി പദ്ധതിയിലെ കുള്ളാര്‍ ഡാം വെള്ളി (15), ശനി(16) ദിവസങ്ങളില്‍ തുറന്നുവിടും.
25000 ഘനഅടി വീതം വെള്ളം തുറന്നുവിടാനാണ് ജില്ലാകലക്ടര്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നദിയുടെ അവസ്ഥ ശോചകനീയമായതിനാല് 12 മുതല്‍ 17 വരെ 25000 ഘനഅടി വീതം വെള്ളം തുറന്നു വിടണമെന്നും ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും വെള്ളം തുറന്നുവിട്ടില്ല. കുംഭമാസ പൂജ തുടങ്ങി 3 ദിവസവും നദിയില്‍ ആവശ്യത്തിനു വെള്ളം ഇല്ലാത്തതുമൂലം തീര്‍ത്ഥാടകര്‍ കഷ്ടപ്പെടുകയാണ്.
ഈ വിവരത്തില്‍ സ്പെഷല്‍ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ എം മനോജ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പിതൃതര്‍പ്പണത്തിനു ശേഷം സ്നാനം നടത്താന്‍ വെള്ളമില്ലാതെ അയ്യപ്പന്മാര് വിഷമിക്കുന്ന വിവരം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സ്പെഷല്‍ കമ്മിഷണര്‍ കലക്ടറെ അറിയിച്ചു. അതിനു ശേഷമാണ് കുള്ളാര്‍ ഡാം തുറന്നുവിടാന്‍ ഉത്തരവിട്ടത്. ഇതുമൂലം പമ്പാനദിയില്‍ 3 മുതല്‍ 5 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരും.
Discussion about this post