പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് കാശ്മീരില്‍ നിന്നും പുറത്തുവരുന്നത്.
സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ കെന്നറ്റ് ജെസ്റ്റര്‍ ഭീകരാക്രമണത്തില്‍ അപലപിക്കുന്നുവെന്നും ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരവാദത്തെ അമര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും ഇന്ത്യ നേരിട്ട ഭീകരാക്രണത്തില്‍ അപലപിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ മരണസംഖ്യ നാല്‍പ്പത്തിനാലായി. 45 ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. വാര്‍ത്താ ഏജന്‍സിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണിത്.
മൂന്ന് മണിയോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വെച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു.
തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ ശ്രീനഗറിലെത്തും.
Discussion about this post