ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വവും വനംവകുപ്പും തമ്മില്‍ തര്‍ക്കം.
ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന ആനയോട്ടം വൈകീട്ട് നാലിനാക്കണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്. കനത്ത ചൂട് പരിഗണിച്ചാണ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നിര്‍ദേശം ഉയര്‍ത്തിയത്. അതേസമയം ആനകളെ ഒന്നിച്ചിറക്കരുതെന്നും വനംവകുപ്പ് പറയുന്നു.
എന്നാല്‍, ഉത്സവത്തിന്റെ ഭാഗമായി കാലങ്ങളായി നടക്കുന്ന ചടങ്ങ് മാറ്റാന്‍ കഴിയില്ലെന്ന് ദേവസ്വം വ്യക്തമാക്കി. ദേവസ്വവും വനംവകുപ്പും പോലീസും ചേര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. ഈയിടെ പലയിടങ്ങളിലും ആനകള്‍ ഇടഞ്ഞ് പ്രശ്നങ്ങളുണ്ടാക്കിയ സാഹചര്യത്തില്‍ ആനയോട്ടം വളരെ ജാഗ്രതയോടെയായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
നാട്ടാന പരിപാലന നിയമപ്രകാരം രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് നാലുവരെ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. ആനയോട്ടത്തിന്റെ സമയം ഉച്ചയ്ക്ക് മൂന്നാണെങ്കിലും ആരംഭചടങ്ങുകളൊക്കെ പൂര്‍ത്തിയാകുമ്പോള്‍ തുടങ്ങാന്‍ മൂന്നരയാകുമെന്നാണ് ദേവസ്വം അധികൃതര്‍ വിശദീകരിച്ചത്.
25 ആനകളെയാണ് ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത്. ഗുരുവായൂര്‍ പദ്മനാഭന് മുതലുള്ള 25 ആനകളുടെയും പേരുകള്‍ യോഗത്തില്‍ അംഗീകരിച്ചു. പത്ത് ആനകളില്‍നിന്ന് നറുക്കിട്ടെടുക്കുന്ന അഞ്ചാനകളെയാണ് മുന്നില്‍ ഓടിക്കുക.
ആനയോട്ടത്തിന്റെ തലേന്ന് രാവിലെ നറുക്കിട്ടെടുക്കുന്ന അഞ്ചു ആനകള്‍ മാത്രം മത്സരത്തിന് ഓടിയാല്‍ മതിയെന്നും പിന്നാലെയുള്ള മറ്റ് ആനകള്‍ നടന്നാല്‍ മതിയെന്നും തീരുമാനിച്ചു. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ആനകളെല്ലാം വനംവകുപ്പിന്റെ പരിശോധന പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. ആനയോട്ടസമയത്ത് ആനയുടെ കൂടെ പാപ്പാന്മാരൊഴികെ ആരേയും ഓടാന്‍ അനുവദിക്കില്ല. ക്ഷേത്രത്തില്‍ നിന്ന് മണിയെടുത്ത് ഓടാന്‍ ആനക്കാരെ മാത്രമേ അനുവദിക്കൂ. ഉത്സവം കൊടിയേറുന്ന 17-ന് ഉച്ചയ്ക്ക് മൂന്നിന് മഞ്ജുളാലില്‍നിന്ന് ആനയോട്ടം ആരംഭിക്കും.
Discussion about this post