വയനാട്: പ്രളയകാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും വാനോളം പുകഴ്ത്തി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പ്രളയ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അദ്ദേഹം പറയുന്നു.
ആ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ എപിജെ. അബ്ദുല്‍കലാം ഹാളില്‍ നടന്ന മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത പ്രളയ കാലത്ത് സര്‍ക്കാരിനൊപ്പം രംഗത്തിറങ്ങിയ ജില്ലാഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം മാതൃകാപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വയനാട് കേരളത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന ഭൂപ്രകൃതിയാണെന്നും കേരളത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏക ജില്ലയായ വയനാടിനെ വികസന ആവശ്യങ്ങളില്‍ തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചേക്കുമെന്ന ബിജെപിയുടെ സൂചന പട്ടിക പുറത്തു വിട്ടതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രശംസിച്ച് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post