കെപിസിസി നിര്‍വ്വാഹക സമിതി അംഗം ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്

ബിജെപി ഉപവാസ സമരം ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്

പത്തനംതിട്ട: കെപിസിസി നിര്‍വ്വാഹക സമിതി അംഗവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വവുമായി രാമന്‍ നായര്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയേക്കും.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ബിജെപി പത്തനംതിട്ടയില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി രാമന്‍ നായരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി ആയതുകൊണ്ടാണ് താന്‍ ശബരിമല വിഷയത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് രാമന്‍ നായര്‍ പറഞ്ഞിരുന്നു. അതോടൊപ്പം തനിക്കെതിരായ നടപടിയെപ്പറ്റി കോണ്‍ഗ്രസ് ഒരു നിലപാടും അറിയിച്ചിട്ടില്ല.

ഞാന്‍ പൊതുപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നയാളാണ്. ബിജെപിയുടെ ആളുകളുമായി ബന്ധപ്പെടാന്‍ ശബരിമല സമരത്തിനിടെ അവസരം കിട്ടി. ഇവിടെ നില്‍ക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ അവിടേക്ക് പോകാതെ നിവൃത്തിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്ന നിലയില്‍ ശബരിമലയുമായി ബന്ധപ്പെട്ട സമരം എന്ന നിലയിലാണ് താന്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തത് എന്നും ജി രാമന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version