പയ്യന്നൂര്‍: 1975 ഫെബ്രുവരി 14-ന് പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ചെയ്ത ഒരു പ്രണയസാഫല്യത്തിന്റെ കഥയാണിത്. ഇതുപോലെ ഒരു ‘പ്രണയദിന’ത്തിലാണ് അബ്ദുള്‍ ഖാദര്‍ കല്യാണിയെ ജീവിത സഖിയാക്കിയത്. അതും ജാതി- മതങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച്.. ഇന്നത്തെ നവോത്ഥാനപിന്തുണയില്ലാതെ അന്നത്തെ പ്രതിസന്ധികള്‍ മുന്നില്‍ വേലി കെട്ടിയപ്പോള്‍ അത് ചാടി കടന്നാണ് ആ പ്രണയം സാക്ഷാത്കരിച്ചത്.
ഇന്ന് പ്രണയദിനത്തില്‍ 44ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഈ ദമ്പതികള്‍ തന്നെയാണ് ഇന്നത്തെ താരങ്ങള്‍. പാലക്കുന്നിലെ റേഷന്‍കടയില്‍ ജോലിക്കുനിന്ന എന്‍ അബ്ദുള്‍ ഖാദറിന് വടക്കുമ്പാട്ടെ മുണ്ടവളപ്പില്‍ കല്യാണിയുടെ പിറകെ അധികം നടക്കണ്ടിവന്നില്ല, അബ്ദുള്‍ ഖാദര്‍ നല്കിയ ആ ഹൃദയം കല്യാണി പൊന്നു പോലെ സൂക്ഷിച്ചെന്ന് സാരം. റേഷന്‍കടയില്‍ കണ്ടുമുട്ടിയ പ്രണയം ഇരുവരും ആരോരുമറിയാതെ മനസ്സിലിട്ട് താലോലിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അബ്ദുള്‍ ഖാദര്‍. പുരോഗമനം വാക്കിലൊതുക്കാതെ പ്രവൃത്തിയിലും കൊണ്ടുനടക്കുന്ന നിരീശ്വരവാദി. മതത്തിന്റെ കെട്ടുപാടുകള്‍ ഇവര്‍ക്ക് പാരയായെങ്കിലും സുഹൃത്തുക്കള്‍ ഇവരുടെ പ്രണയത്തിലെ ഹംസമായി.
എന്നാല്‍ കല്യാണിക്ക് ഒറ്റ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ.. ഇഷ്ടമാണ്, കല്യാണവും കഴിക്കാം പക്ഷെ മതം മാറാന്‍ പറയരുത് അങ്ങനെ ഉണ്ടെങ്കില്‍ എന്നെ വിട്ടേക്ക്.. ഇതോടെ കൂട്ടുകാരക്കം ഉറപ്പിക്കുകയായിരുന്നു അബ്ദുള്‍ ഖാദറെന്ന വിപ്ലവ നായകന്റെ നായിക കല്യാണി തന്നെ.
കാര്യമൊക്കെ ശരി തന്നെ പക്ഷെ നാട്ടില്‍ ഈ പ്രണയം പാട്ടായതോടെ കല്യാണി ഭയന്നു. നാട്ടില്‍ വരഗീയ കലാപം ഉണ്ടാകുമോ എന്നായി അവരുടെ പേടി.. അങ്ങനെ ഒരുദിവസം കല്യാണിയുടെ അമ്മ ഖാദറിനെ കാണാന്‍ വന്നു. ‘പ്രണയത്തില്‍നിന്ന് പിന്മാറണം’ അതായിരുന്നു ആവശ്യം. ഇരുവീട്ടുകാരും ഇവരെ പിരിക്കാന്‍ ഒരുപാട് ശ്രമിച്ചു. വീട്ടുകാര്‍ പാര്‍ട്ടിക്ക് പരാതി കൊടുത്തു. പക്ഷേ, പാര്‍ട്ടി പ്രണയത്തിനൊപ്പംനിന്നു. ഒടുക്കം പ്രണയം വിവാഹത്തിലേക്ക്….
സുഹൃത്തുക്കള്‍ക്കൊപ്പം ഖാദറും കല്യാണിയും പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹിതരായി. രണ്ടുപേരെയും വീട്ടില്‍നിന്ന് പുറത്താക്കി. കല്യാണി ഖാദറിന്റേതാണെന്ന് അപ്പോഴേക്കും നാട്ടുകാരും വിശ്വസിച്ചുതുടങ്ങിയിരുന്നു. അതുകൊണ്ട് പ്രശ്നമൊന്നുമുണ്ടായതുമില്ല.
അന്ന് കല്യാണിയുടെ വലംകൈ ചേര്‍ത്ത് പിടിച്ച് തന്റെ ഓലപ്പുരയിലേക്ക് വന്നുകയറിയ അബ്ദുള്‍ ഖാദറിന്റെ മുഖത്ത് ഇന്നും കാണാം ആ ജയത്തിന്റെ അഭിമാനത്തിന്റെ അലയൊലി. ‘എന്ത് പ്രശ്നമുണ്ടായാലും ഞാന്‍ ഖാദറിച്ചയെ മാത്രമേ കെട്ടുമായിരുന്നുള്ളൂ’- പഴയ പ്രണയാവേശം ഓര്‍ത്തെടുക്കുമ്പോള്‍ കല്യാണിയുടെ മുഖത്ത് എഴുപതാം വയസ്സിലും നാണം. എന്തുവന്നാലും മതം മാറില്ല എന്ന് ഇരുവരും വാക്കുപറഞ്ഞു ഇന്നും അത് അങ്ങനെ തുടരുന്നു. ഒരു നിമിഷം പോലും ഈ ഇണക്കുരുവികള്‍ പിരിഞ്ഞിരുന്നിട്ടില്ല എന്നതും ശ്രദ്ദേയമാണ്.
പിന്നീട് മക്കളായപ്പോള്‍ വാടകവീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചു. എന്നാല്‍ ആരോ അതിന് ഇടങ്കോലിട്ടു. ഒടുവില്‍ ചീമേനിയില്‍ കോണ്‍ഗ്രസ് നേതാവ് ടിവി കുഞ്ഞിരാമന്റെ കൈയില്‍നിന്ന് പത്തുസെന്റ് സ്ഥലം വാങ്ങി കുടിലൊരുക്കി. ഇന്നും ആ സ്ഥലത്താണ് ഖാദറും കുടുംബവും താമസിക്കുന്നത്. വിവാഹശേഷം സാധു ബീഡിയിലും ദിനേശ് ബീഡിയിലും ഖാദര്‍ ജോലി ചെയ്തു.
ഇവരുടെ ജീവിതവും പ്രണയവും സമരവും അടയാളപ്പെടുത്തുന്ന ‘ആകാശമുട്ടായി’ എന്ന ഡോക്യുമെന്ററി വെള്ളച്ചാലില്‍ ഇന്ന് വൈകീട്ട് 6.30-ന് പ്രദര്‍ശിപ്പിക്കും.
Discussion about this post