തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതായി സൂചന. ഈ കേസില്‍ തല്‍ക്കാലം കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരുമല കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനാണ് അക്രമികള്‍ തീവെച്ചത്. ആക്രമണത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു.
അതേസമയം സംഭവം കഴിഞ്ഞു നാലു മാസമായിട്ടും ഇതുവരെ ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കഴിയാത്തതു സിറ്റി പോലീസിനു വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. പ്രതികളെക്കുറിച്ചു സൂചനയൊന്നുമില്ല അന്വേഷണം പുരോഗമിക്കുന്നു എന്നാണ് ഇവര്‍ എപ്പോഴും ആവര്‍ത്തിച്ചു പറയുന്നത്. അതേസമയം ഇതുവരെ ആശ്രമത്തില്‍ നിന്നു രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ വരെയുള്ള സിസിടിവികളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചു. ഈ ഭാഗങ്ങളിലെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ സന്ദേശങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചു. ഫൊറന്‍സിക് സംഘവും വിശദ പരിശോധന നടത്തി. മുപ്പതിലേറെപ്പേരെ ചോദ്യം ചെയ്തു.
ഒക്ടോബര്‍ അവസാനം പുലര്‍ച്ചെയാണ് 2 കാറുകളും സ്‌കൂട്ടറും തീയിട്ടു നശിപ്പിച്ചത്. ഇതിനടുത്തു റീത്തും വച്ചിരുന്നു. അപ്പോള്‍ ആശ്രമത്തില്‍ സ്വാമി സന്ദീപാനന്ദഗിരി ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താന്‍ സംഘ പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമമാണെന്നു സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു. ശബരിമല യുവതീ പ്രവേശത്തിന് അനുകൂല നിലപാടു സ്വീകരിച്ച വ്യക്തിയാണ് ഇദ്ദേഹം. അതിന്റെ പേരില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആശ്രമത്തിലേക്കു മാര്‍ച്ച് നടത്തിയതു പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു.