കൊച്ചി: ദുരൂഹതകള്‍ ബാക്കിയാക്കി ജെസ്‌ന തിരോധാനത്തിന് ഒരു വര്‍ഷമാവുമ്പോള്‍ ആശ്വാസമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ജെസ്‌ന ബംഗളൂരുവില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഒടുവിലത്തെ വിവരം.
കാണാതായി പത്തു മാസം കഴിഞ്ഞപ്പോഴാണ് ബിരുദ വിദ്യാര്‍ത്ഥിനി ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായക സന്ദേശം കര്‍ണാടക പോലീസില്‍നിന്നു കേരളത്തിന്റെ ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചത്. ജെസ്ന തിരികെ എത്തുമെന്ന കര്‍ണാടക പോലീസിന്റെ സൂചന വിശ്വാസത്തിലെടുക്കാനാണ് കേരള പോലീസിന്റെ തീരുമാനം. എന്നാല്‍ ജസ്‌നയെ പിന്തുടരാന്‍ ഉദ്ദേശമില്ലെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കര്‍ണാടക പോലീസ് ഇക്കാര്യം അറിയിച്ചത്.
ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയായ ജിഗിണിയില്‍ താമസിക്കുന്നുവെന്നാണ് മലയാളിയായ കടക്കാരന്‍ പോലീസിന് നല്‍കിയ വിവരം. ജെസ്നയുമായി രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയാണ് ഇവിടെ താമസിക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്. രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു.
അന്യമതസ്ഥനായ കാമുകനൊപ്പമാണ് ജെസ്നയുടെ താമസം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്ഥാപനത്തില്‍ കള്ളപ്പേരിലാണ് ജെസ്ന ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ് പോലീസ് എത്തുന്നതിന് മുന്‍പ് ജെസ്ന മുങ്ങുകയാണെന്നാണ് പോലീസ് പറയുന്നത്.
സംശയം തോന്നിയ കടയുടമ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെണ്‍കുട്ടി വന്നപ്പോള്‍ അയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. ഇളംനീല ജീന്‍സും റോസ് പ്രിന്റഡ് കുര്‍ത്തയും ധരിച്ച് കഴുത്തില്‍ ഷാളും പുറത്ത് ബാഗും തൂക്കി നടന്നു പോകുന്ന യുവതിയുടെ ദൃശ്യം പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേനെ പോലീസിന് കൈമാറി. അത് ജസ്നയാണെന്ന ഉറപ്പിലാണ് പോലീസും.
കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതാകുന്നത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ജസ്‌നയെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. മൊബൈല്‍ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല.
അന്ന് രാത്രി ഏഴുമണിയോടെ പിതാവ് ജയിംസ് പോലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷണം ഒരിടത്തും എത്താതിരുന്നത് വാന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എന്തെങ്കിലും സൂചന നല്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിച്ചു. ബോക്‌സില്‍ നൂറിലധികം കത്തുകള്‍ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
‘അയാം ഗോയിങ് ടു െഡെ’ എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി. എന്തായാലും ഉടന്‍ ജെസ്‌നയെ നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Discussion about this post