തൃശൂര്‍: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള സഹകരണവകുപ്പിന്റെ പദ്ധതിയായ കെയര്‍ ഹോം പദ്ധതി അന്തിമ ഘടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മ്മാണം ആരംഭിച്ചതില്‍ 181 വീടുകള്‍ അന്തിമഘട്ടത്തിലെത്തി. അവസാന മിനുക്കുപണികള്‍ നടത്തി ഇവ താക്കോല്‍ ദാനത്തിനായി സജ്ജമാവുകയാണ്. 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി അവസാനഘട്ട പ്രവര്‍ത്തനത്തിലേക്ക് കടന്നു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കെയര്‍ഹോം പദ്ധതിയിലൂടെ രണ്ടായിരം വീടുകള്‍ നിര്‍മ്മിക്കാനാണ് സഹകരണവകുപ്പ് ലക്ഷ്യമിട്ടത്. ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ച ഇരുന്നൂറോളം വീടുകള്‍ ലിന്റല്‍ ലെവലും പിന്നിട്ടു. ആയിരത്തി ഇരുന്നൂറോളം വീടുകളിലും നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിശ്ചിത സമയത്തിനകം നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തുള്ള സഹകരണസംഘങ്ങളെ കൂട്ടി യോജിപ്പിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സഹകരണസംഘങ്ങള്‍ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ പദ്ധതിയിലേക്ക് നല്‍കിയാണ് ധനസമാഹരണം നടത്തിയത്. പദ്ധതി വിലയിരുത്താന്‍ സഹകരണസംഘം ഭാരവാഹികളും പഞ്ചായത്ത് പ്രതിനിധികളും കലക്ടറുടെ പ്രതിനിധിയും ഗുണഭോക്താവും ചേര്‍ന്ന ഗുണഭോക്തൃസമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ദിവസവും നടക്കുന്ന പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫേയ്സ് ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Discussion about this post