തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ ഓര്‍മ്മകളുടെ ബാക്കി പത്രമായി ചാലക്കുടിയില്‍ ആരാധകരുടെ കണ്ണിലുണ്ണിയായിരുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ഓട്ടോ പൊടിപിടിച്ചും തകര്‍ന്നും നോക്കാന്‍ ആളില്ലാതെ കിടക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. മണിയുടെ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ചാലക്കുടിക്കാരന്‍ ചങ്ങാതിയെ കഴുകി മിനുക്കി ഒരുക്കിയെടുത്തിരിക്കുകയാണ് പ്രദേശത്തെ ഒരു കൂട്ടം യുവാക്കള്‍.
ഒറ്റദിവസം കൊണ്ട് മണിയുടെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെ ഇവര്‍ തിരിച്ചുകൊണ്ടു വന്നിരിക്കുന്നത്. ഇപ്പോള്‍ ഉഷാറാണ് ഈ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി.’ ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിതം തുടങ്ങിയ മണി സിനിമയില്‍ സജീവമായ ശേഷവും സ്വന്തമായി ഓട്ടോറിക്ഷ വാങ്ങുകയും സമയം കിട്ടുമ്പോഴൊക്കെ അതില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു. ആ ഓട്ടോയാണ് ആരാരും സംരക്ഷിക്കാനില്ലാതെ തുരുമ്പെടുത്തു കിടന്നിരുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് ഓട്ടോറിക്ഷയ്ക്ക് സാരമായ നാശം സംഭവിച്ചത്. ഓട്ടോറിക്ഷ കയറ്റിയിട്ടിരുന്ന ഷെഡ് ഉള്‍പ്പടെ തകര്‍ന്നുപോയിരുന്നു.
അതേസമയം കലാഭവന്‍ മണിയുടെ ഒരു കടുത്ത ആരാധകന്റെ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പ് ഇങ്ങനെ:
ചങ്കല്ല ചങ്കിടിപ്പ് തന്നെയാണ് നമ്മുടെ കലാഭവന്‍ മണിച്ചേട്ടന്… ഇന്ന് ഞാന്‍ എന്റെ വണ്ടിയില്‍ ഒരു ഓട്ടം പോയപ്പോള്‍ കോവളത്ത് വച്ചു ഈ മണിച്ചേട്ടനെ ഇത്രത്തോളം മനസ്സില്‍ ആരാധിച്ചു കൊണ്ട് നടക്കുന്ന ഈ ചങ്ങാതിയെ കാണാന്‍ ഇടയായി. അതിന്റെ സാരഥിയെ കാണാന്‍ കഴിഞ്ഞില്ല. എന്തായാലും കണ്ടപ്പോള്‍ അതിരുവിട്ട സന്തോഷവും ഒപ്പം അതില്‍ എഴുതിയതും അതോടൊപ്പം അതില്‍ പതിച്ച പടങ്ങളും ചെറുതായൊന്നു കണ്ണ് നനയിച്ചു. അങ്ങനെ ഇത് മുഴുവന്‍ ഫോണില്‍ പകര്‍ത്തി എല്ലാ കൂട്ടുകാരെയും കാണിക്കണം എന്ന് തോന്നി. ഈ ഓട്ടോയുടെ സാരഥിയുടെ അനുമതി ഇല്ലാതെ ഞാന്‍ ഈ വിഡിയോ മണിച്ചേട്ടന്റെ എല്ലാ ചങ്കുകള്‍ക്കും സമര്‍പ്പിക്കുന്നു. ഇതിന്റെ സാരഥി ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു. മണിച്ചേട്ടന് നമ്മുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന് ഇനി എന്താ സംശയം..
Discussion about this post