‘എന്നെന്നേക്കുമായി കിടപ്പിലായി പോയവരുണ്ട്; അങ്ങനെ നോക്കുമ്പോള്‍ എനിക്കു സംഭവിച്ചത് ഒന്നുമല്ല’; വീല്‍ചെയറിലിരുന്ന് തമ്മനത്ത് മത്സ്യക്കച്ചവടത്തിന് ഒരുങ്ങി ഹനാന്‍; നിശ്ചയദാര്‍ഢ്യത്തിന് നിറകൈയ്യടി

ഗതാഗത തടസ്സത്തിന്റെ പേരില്‍ തന്റെ കച്ചവടം ഒഴിപ്പിച്ച തമ്മനത്തു തന്നെ വില്‍പനയ്ക്ക് തിരിച്ചെത്തണമെന്നത് തന്റെ വാശിയായിരുന്നുവെന്ന് ഹനാന്‍

കൊച്ചി: ഉപജീവനവും പഠനച്ചെലവും മുന്നോട്ട് കൊണ്ടുപോകാന്‍ മത്സ്യ വില്‍പ്പന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് എന്ന വിദ്യാര്‍ത്ഥിനി ഇന്ന് കാറപകടത്തില്‍ പരിക്കേറ്റ് വീല്‍ചെയറില്‍ വിശ്രമത്തിലാണ്. കൊടുങ്ങലൂരിലുണ്ടായ കാറപകടത്തിലാണ് ഹനാന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ഹനാനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം പൂര്‍ണ്ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ആശുപത്രി വിട്ടശേഷം കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ ഒറ്റയ്ക്കു കഴിയുകയായിരുന്നു ഹനാന്‍. ങ്കിലും ആത്മവിശ്വാസം കൈവിടാതെ വീല്‍ചെയറിലിരുന്നുകൊണ്ടു പോരാട്ടം തുടരുകയാണ് ഹനാന്‍. എറണാകുളം തമ്മനത്തേക്ക് മത്സ്യവില്‍പനയ്ക്കായി വീണ്ടുമെത്തുകയാണ് ഈ പെണ്‍കുട്ടി. നട്ടെല്ലിനേറ്റ ക്ഷതത്തിന് മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ തുടരുന്ന ഹനാന്‍ വീല്‍ചെയറിലാണ് മീന്‍ വില്‍പനയ്ക്കെത്തുന്നത്. കച്ചവടം തുടങ്ങാന്‍ കിയോസ്‌ക് വാങ്ങി നല്‍കാമെന്ന സര്‍ക്കാരിന്റെ സഹായം നിലനില്‍ക്കെയാണ് ഇതിനൊന്നും കാത്തു നില്‍ക്കാതെ സ്വന്തം കാശുമുടക്കി കച്ചവടം തുടങ്ങുന്നത്.

നാളെ മുതല്‍ കച്ചവടം തുടങ്ങണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും വാടകയ്ക്കെടുത്ത മുറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല. ഗതാഗത തടസ്സത്തിന്റെ പേരില്‍ തന്റെ കച്ചവടം ഒഴിപ്പിച്ച തമ്മനത്തു തന്നെ വില്‍പനയ്ക്ക് തിരിച്ചെത്തണമെന്നത് തന്റെ വാശിയായിരുന്നുവെന്ന് ഹനാന്‍ പറഞ്ഞു. ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുന്നുണ്ടെങ്കിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്താനാണ് വഴിയോര കച്ചവടത്തില്‍ നിന്ന് മാറി വാടക മുറിയെടുത്ത് കച്ചവടം നടത്തുന്നത്.

അതേസമയം, പകടസമയത്ത് തേടിയെത്തിയ പിതാവ് ഇപ്പോള്‍ കൂടെയില്ലെന്ന് ഹനാന്‍ പറയുന്നു. വിശ്രമവേളയിലും കടയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിലാണ് ഹനാന്‍. അപകടത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ഹനാന്‍ പറയുന്നതിങ്ങനെ:

”സാധാരണ ഇടുന്ന വലിയ സ്‌ക്രൂ എനിക്ക് ഇടാനാവാത്തതിനാല്‍ പീഡിയാട്രിക് സ്‌ക്രൂ ആണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടു പ്രത്യേകശ്രദ്ധ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഇളക്കം തട്ടിയാല്‍ മേജര്‍ സര്‍ജറി വേണ്ടിവരും. അതിനാല്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്റെ അശ്രദ്ധയാല്‍ ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍, ജീവിക്കാനായി തൊഴിലെടുത്തേ മതിയാകൂ. എന്റെ കടയുടെ പണികള്‍ നടക്കുകയാണ്. അവിടെ പോകാതിരിക്കാന്‍ കഴിയില്ല. എന്റെ അവസ്ഥ കണ്ടു ഈ മാസത്തെ വാടക വേണ്ടെന്നു ഫ്‌ലാറ്റിന്റെ ഉടമ പറഞ്ഞു. ഫ്‌ലാറ്റിന്റെ മെയിന്റനന്‍സ് തുക ഉള്‍പ്പടെ കൊടുക്കാനുണ്ട്. കട തുടങ്ങി അതില്‍ നിന്നും വരുമാനം കിട്ടിയിട്ടു വേണം ഇതെല്ലാം ചെയ്യാന്‍”- ഹനാന്‍ പറഞ്ഞു.

”പലവിധത്തിലുള്ള രോഗംകൊണ്ട് കഷ്ടപ്പെടുന്നവരുണ്ട്. മരുന്നു വാങ്ങാന്‍ പോലും കഴിയാത്തവര്‍. രോഗം കൊണ്ട് എന്നെന്നേക്കുമായി കിടപ്പിലായി പോയവരുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എനിക്കു സംഭവിച്ചത് ഒന്നുമല്ല. രോഗംകൊണ്ടു വലയുന്നവര്‍ക്ക് എന്നാല്‍ കഴിയുന്ന സഹായങ്ങളൊക്കെ ചെയ്യണം. അതിനുവേണ്ടിയാണ് ഡോക്ടറാകണമെന്നു പറഞ്ഞത്. പിതാവ് കുറച്ചു ദിവസം എന്റെ കൂടെ ആശുപത്രിയില്‍ വന്നുനിന്നിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ട്. എന്നെ ഐസിയുവില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയതു മുതല്‍ വാപ്പ കൂടെയുണ്ടായിരുന്നു.

എന്റെ മനസ്സും ശരീരവും ഈ സാധാരണ നിലയിലേക്കു തിരിച്ചുവരാന്‍ വേണ്ടത് നല്ല ശ്വാസമാണ്. എന്നാല്‍, ആശുപത്രി മുറിയില്‍ ലഹരിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചുകയറുകയായിരുന്നു. എനിക്ക് സഹിക്കാനാകാതെ വന്നപ്പോള്‍ കുറച്ചു ദിവസത്തേക്ക് അതൊഴിവാക്കാന്‍ ഒരുപാടു തവണ വാപ്പായോടു പറഞ്ഞു. ഒടുവില്‍, എന്നോടൊപ്പം നില്‍ക്കണമെങ്കില്‍ ലഹരി ഉപേക്ഷിക്കണമെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. എന്നാല്‍, വാപ്പയ്ക്കു ലഹരി ഉപേക്ഷിക്കാനാവുമായിരുന്നില്ല”- ഹനാന്‍ വ്യക്തമാക്കി. ജീവിതത്തോട് പൊരുതി വിജയം വരിക്കാന്‍ തന്നെയാണ് ഈ പെണ്‍കുട്ടിയുടെ തീരുമാനം.

Exit mobile version