വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; പോലീസിനോട് തര്‍ക്കിച്ച യുവാവിന് ക്രൂര മര്‍ദ്ദനം; നട്ടെല്ല് തകര്‍ന്ന് ആശുപത്രിയില്‍; കസ്റ്റഡിയിലെടുത്തതോടെ സഹോദരിയുടെ വിവാഹത്തിലും പങ്കെടുക്കാനായില്ല

വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവിന് ക്രൂര മര്‍ദ്ദനം.

ആലപ്പുഴ: വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവിന് ക്രൂര മര്‍ദ്ദനം. യുവാവിനെ പോലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ലജ്‌നത്ത് വാര്‍ഡ് തൈപ്പറമ്പില്‍ മന്‍സൂര്‍ (25) പരാതിപ്പെടുന്നത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജനറല്‍ ആശുപത്രി ജങ്ഷനിലെ രാത്രിക്കടക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാധാരണ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണെന്ന് പറഞ്ഞതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്ന് മന്‍സൂര്‍ പറയുന്നു. തുടര്‍ന്ന് പള്‍സര്‍ ബൈക്കിന്റെ താക്കോല്‍ ഊരി പോലീസ് നീങ്ങി. ആശുപത്രി ജങ്ഷനിലെ പെട്രോള്‍ പമ്പിലേക്ക് പോയ പോലീസ് സംഘത്തെ പിന്തുടര്‍ന്ന മന്‍സൂറിനെ നിര്‍ബന്ധിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു.

വിസമ്മതിച്ച യുവാവിനെ കൂടുതല്‍ പോലീസിനെ വിളിച്ചുവരുത്തി സൗത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ആറോളം പോലീസുകാര്‍ ബെഞ്ചില്‍ കിടത്തി പിന്നില്‍ മുട്ടുകാലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്നാണ് മന്‍സൂര്‍ പറയുന്നത്. റിമാന്‍ഡ് ചെയ്തതിനാല്‍ പിറ്റേന്ന് സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും കഴിഞ്ഞില്ല. നിയമനടപടിക്കൊരുങ്ങുകയാണ് ഡ്രൈവറായ മന്‍സൂര്‍.

Exit mobile version