തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ക്ക് ഈടാക്കുന്ന അമിത നിരക്ക് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബാങ്കുകളുടെ നയപരമായ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് പരിമിതിയുണ്ടെന്നും പിടി തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്കി. സംസ്ഥാനതല ബാങ്കിങ് സമിതി നല്കിയ റിപ്പോര്‍ട്ട് പ്രകാരം മിനിമം ബാലന്‍സ് നിബന്ധന ഉള്ളവയും ഇല്ലാത്തവയും എന്ന രീതിയില്‍ വിവിധതരം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുള്ളതായി പറയുന്നുണ്ട്. ജനങ്ങള്‍ക്ക് മിനിമം ബാലന്‍സ് നിഷ്കര്‍ഷിച്ചിട്ടില്ലാത്ത അക്കൗണ്ട് തെരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്.
മിനിമം ബാലന്സിനു താഴെ തുക അക്കൗണ്ടില്‍ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നറിഞ്ഞിട്ടും അതു കണക്കിലെടുക്കാതെ അക്കൗണ്ടുടമക്ക് ബാങ്കുകള്‍ പണം നല്കുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിനിമം ബാലന്‍സിനെക്കാള്‍ കുറഞ്ഞ തുക അക്കൗണ്ടിലുണ്ടാകുന്ന സ്ഥിതിവിശേഷം ബാങ്കുകള്‍തന്നെ സൃഷ്ടിച്ചശേഷം ബാലന്‍സ് ഇല്ല എന്നു പറഞ്ഞ് പിഴ ഈടാക്കുന്ന തെറ്റായ സ്ഥിതിയുമുണ്ടെന്ന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്കി.
Discussion about this post