പെണ്‍കുട്ടിയെ വനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം നാടുവിട്ടതായി സൂചന; മുങ്ങിയത് പോക്‌സോ രജിസ്റ്റര്‍ ചെയ്തതോടെ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി നാടുവിട്ടെന്ന് സൂചന.

ഖാസിമിക്കെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ നാടുവിട്ടെന്നാണ് സൂചന. സംഭവം പുറത്തായതോടെ തൊളിക്കോട് പള്ളി കമ്മിറ്റി അന്വേഷണം നടത്തി ഇമാമിനെ സ്ഥാനത്തു നിന്നും നീക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന കാരണത്താല്‍ പോലീസ് കേസെടുക്കാന്‍ വൈകിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി പേപ്പാറ വനത്തോട് ചേര്‍ന്ന ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഇമാമിനൊപ്പം പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തതോടെ ഇമാം പെണ്‍കുട്ടി തന്റെ ഭാര്യയാണെന്ന് പറഞ്ഞ് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്നു ഷഫീഖ് അല്‍ ഖാസിമി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്നു. പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന ആരോപണം പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

Exit mobile version