സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. ഭക്തജന തിരക്ക് കുറവാണെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.
ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചിനു മഹാഗണപതിഹോമത്തോടെ പതിവു പൂജകള്‍ ആരംഭിക്കും. 17നു രാത്രിയാണ് നട അടയ്ക്കുന്നത്. കുംഭമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികള്‍ എത്തിയേക്കാം എന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാര്‍ വീതവും ചുമതലയേറ്റിട്ടുണ്ട്. നാലു വീതം സിഐമാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം കളക്ടര്‍ പരിഗണിച്ചിരുന്നില്ല.
Discussion about this post