പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് താഴമണ്‍ തന്ത്രി കുടുംബത്തെ ശക്തമായി വിമര്‍ശിച്ച് മലയരയ ഗോത്ര വിഭാഗക്കാരനും നടനുമായ മല്ലു പി ശേഖര്‍.
അയ്യപ്പ ഭക്തന്മാര് എല്ലാവരും അയ്യപ്പന്റെ ഇഷ്ട വസ്ത്രമായ കറുപ്പ് അണിയുമ്പോള്‍ സന്നിധാനത്ത് തന്ത്രിമാരും പരികര്‍മ്മികളും അയ്യപ്പന്റെ ഭക്തരായി വെള്ളമുണ്ടും ഉടുത്ത് ഷേവ് ചെയ്ത് പൂജ ചെയ്യുന്നു. എല്ലാം അയ്യപ്പനിലുള്ള വിശ്വാസമാണത്രേ. ആചാരം സംരക്ഷിക്കുമെത്രേ. ഒന്നു ചോദിക്കട്ടെ തന്ത്രി പുംഗവന് മാരെ അയ്യപ്പന്റെ ഇഷ്ട വസ്ത്രമായ കറുപ്പ് നിങ്ങള്‍ അണിയാത്തതെന്തേ? നിങ്ങള്‍ക്ക് എല്ലാ ആചാരവും ലംഘിക്കാം നിങ്ങളുടെ മാത്രം ആവശ്യത്തിനല്ലേ? നിങ്ങള്‍ അതിക്രമിച്ച് കടന്നാണ് ശബരിമലയില്‍ ഉണ്ടായ പ്രധാന ദോഷം. നിങ്ങള്‍ നടപൂട്ടി താക്കോല്‍ മലയരയര്‍ക്ക് നല്കി തെറ്റ് പറ്റിയെന്നു പറഞ്ഞിറങ്ങി പോകുക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.
ഫെയ്സ് ബുക്ക് കുറിപ്പ്
അയ്യന് അയ്യപ്പസാമിയേയ്…… ഞാന്‍ ജനിച്ചത് ആദിവാസി വിഭാഗമായ മലയരയ ഗോത്രത്തിലാണ് . എരുമേലിയില്‍ നിന്നും ശബരിമലയിലേക്കുള്ള പുരാതനമായ കാനനപാതയില്‍ അയ്യപ്പന് തന്റെ ആയുധം നിലത്ത് ഊന്നിവിശ്രമിച്ച സ്ഥലമാണ് ഇരുമ്പൂ ന്നിക്കര എന്നാണ് വിശ്വാസം അവിടെയാണ് എന്റെ അമ്മ വീട്. കുട്ടിക്കാലത്ത് അമ്മ വീട്ടില്‍ പോയി നില്ക്കുവാന് വലിയ ഇഷ്ടമായിരുന്നു പ്രത്യേകിച്ചും നാല്പത്തി ഒന്ന് ദിവസത്തെനോമ്പ് നോക്കുന്ന മണ്ഡലകാലത്ത് .നിരവധി അയ്യപ്പഭക്തര്‍ കറുപ്പുമുടുത്ത് ശരണം വിളിച്ച് അയ്യനെക്കാണാന്‍ പോകുന്നത് കണ്ട് നില്ക്കാന് നല്ല രസമാണ് ,കൂട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പല സംഘo കലാകാരന്മാര് നാദസ്വരം വായിച്ചും തകില് കൊട്ടിയും സന്നിധാനം വരെ നടക്കും ഇത്തരം ഭക്ത കലാകാരന്മാര് എല്ലാ ദിവസവും ഉണ്ടാകും ,അയ്യപ്പ വിശ്വാസികളായ എല്ലാവരും കറുപ്പു മുടുത്ത് താടിയും മുടിയും വളര്‍ത്തി മല ചവിട്ടും.കാഴ്ചക്കാരയ കുട്ടികളോടൊപ്പം അവര്‍ പാട്ടുകള്‍ പാടും , ശരണം വിളിച്ച് മല കയറും, ഇടക്ക് അമ്മാവന്റെ കൂടെ എരുമേലിയില്‍ പോയി പേട്ടതുള്ളല്‍ കാണും. ഇതൊക്കെയാണ് കുട്ടിക്കാലത്ത് ഇരുമ്പൂന്നിക്കരയില്‍ നില്ക്കാന് ഇഷ്ടം തോന്നിയത്. കാരണവന്മാര് അയ്യപ്പന്റെ കഥ പറഞ്ഞു തന്ന കൂട്ടത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞ കാര്യങ്ങള്‍ ഉണ്ട് അയ്യപ്പന് നമ്മുടെ സ്വന്തമാണന്നും ശിവന്റെ തുട പിളര്‍ന്നല്ല ഉണ്ടായതെന്നും അത് അവര്‍ ഉണ്ടാക്കിയ കഥയാണന്നും .ശബരിമലയിലെ പതിനെട്ടുപടികളിലൊന്നില്‍ മലയരയന്മാരുടെ ക്ഷേത്രമെന്ന് കൊത്തി വച്ചിട്ടുണ്ടന്ന് ആദ്യം പറഞ്ഞ് തന്നത് അമ്മയുടെ അമ്മയാണ് . കൂടാതെ ഒരോ വര്‍ഷവും ശബരിമല സീസണ് മുമ്പായി ഫോറസ്റ്റ് കാര്‍ കാനനപാത വെട്ടിത്തെളിപ്പിച്ചിരുന്നത് അവിടുത്തെ ആദിവാസി വിഭാഗങ്ങളെക്കൊണ്ടായിരുന്നു.ഇതിന് കൂലിയായിട്ട് നല്ലതല്ലും കിട്ടുമായിരുന്നെന്ന് അപ്പച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് കരിമലയിലും, പരിസരത്തുള്ള മലകളിലുമാണ് മലയരയന്മാര് പണ്ട് വസിച്ചിരുന്നത്. കൃഷിയും നായാട്ടുമായ് അവര്‍ അവിടെ ജീവിച്ചു പോന്നു. പില്ക്കാലത്ത് അവിടെ നിന്നും ആട്ടിയോടിച്ചിട്ടുണ്ട്. ചെറുത്തു നിന്നിട്ടുണ്ട് ഇപ്പോഴും ജീവിക്കുന്നുണ്ട് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ തേക്കിന് തോട്ടം നട്ടുപിടിപ്പിക്കാന്‍ ഫോറസ്റ്റ് കാര്‍ അടിമ പണി ചെയ്യിച്ചിട്ടുണ്ട്. പീഠന കഥകള്‍ വേറെയുമുണ്ട്. ശബരിമലയിലേക്കുള്ള .കാനനപാതയിലെ മിക്ക ഇടത്താവളങ്ങളും മലയരയരുടെ ആരാധനാലയങ്ങള്‍ ആണ് , കാള കെട്ടി, അഴുത ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, തുടങ്ങിയവ. കൂടാതെ കരിമലക്ഷേത്രവും ശബരിമലയും മലയരന്‍മാരുടേതായിരുന്നു . കാള കെട്ടിക്ക് മുമ്പ് വനത്തില്‍ ഉള്ള അരിശുമുടി കോട്ട ആദിവാസി ഗോത്രമായ ഉള്ളാടന്മാര് ആരാധിച്ച് പോരുന്നു .മുതിര്‍ന്നപ്പോള്‍ ഞാനും പലതവണ ശബരിമലക്ക് പോയിട്ടുണ്ട്. പമ്പയില്‍ ഭക്തര്‍ കുളിച്ച് ബലിയിടാറുണ്ട് അത് അവിടെ മുമ്പ് ഉണ്ടായ അധിനിവേശത്തില്‍ ചെറുത്ത് നിന്ന് മരിച്ച് വീണ ആദിവാസികള്‍ക്കുള്ളതാണന്ന് പഴയ കാലപെരിയസാമിമാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ശബരിമലക്ക് പോകുമ്പോള്‍ തൊണ്ണൂറുകളില്‍ പമ്പയില്‍ , STD ബൂത്തിന്റെ വലിപ്പത്തില്‍ പന്തളം രാജകുടുബത്തിന് വേണ്ടി ഒരു പിരിവ് കേന്ദ്രം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് വലിയ കോണ്‍ക്രീറ്റ് ബില്‍ഡിംഗാക്കിയിട്ടുണ്ട്.ശബരിമല സീസണില്‍ രാജാവിന്റെ പ്രതിനിധി സീരിയല്‍ വേഷത്തില്‍ അയ്യപ്പന്റെ അപ്പന് ചമഞ്ഞ് ഭക്തരെ പിഴിഞ്ഞ് ആചാര പിരിവ് നടത്തുന്നു. സന്നിധാനത്ത് തന്ത്രിമാരും പരികര്‍മ്മികളും അയ്യപ്പന്റെ ഭക്തരായി വെള്ളമുണ്ടും ഉടുത്ത് ഷേ വൊക്കെ ചെയ്ത് ഇപ്പോള്‍ പൂജ ചെയ്യുന്നു. എല്ലാം അയ്യപ്പനി ലുള്ള വിശ്വാസമാണത്രേ. ആചാരം സംരക്ഷിക്കുമെത്രേ. ഒന്നു ചോദിക്കട്ടെ തന്ത്രി പുംഗവന് മാരെ അയ്യപ്പന്റെ ഇഷ്ട വസ്ത്രമായ കറുപ്പ് നിങ്ങള്‍ അണിയാത്തതെന്തേ ?എത്ര കോടി രൂപയാണ് (കാണിക്കവഞ്ചിയില്‍ വീഴുന്ന പണത്തിന് മാത്രമേ ശബരിമലയില്‍ കണക്കുള്ളു ശ്രീകോവിലില്‍ ഇടുന്ന പണം മേല്‍ശാന്തിക്കും തന്ത്രിക്കുമാണ് ) സന്നിധാനത്ത് നിന്നും അയ്യപ്പഭക്തന്മാരോട് പ്രത്യേക പണപിരിവ് നടത്തി ചാക്കുകളിലാക്കി കഴുതപ്പുറത്ത് പമ്പയില്‍ എത്തിച്ച് പോലീസ് അകമ്പടിയില്‍ നിങ്ങളുടെ മഠങ്ങളിലേക്ക് കൊണ്ടു പോകുന്നത്? ഇതിന് നികുതിയുണ്ടോ? കണക്കുണ്ടോ ? നിങ്ങള്‍ക്ക് എല്ലാ ആചാരവും ലംഘിക്കാം നിങ്ങളുടെ മാത്രം ആവശ്യത്തിന് .അയ്യപ്പന്റെ അവകാശം താഴമണ്ണു കാര്‍ പിടിച്ചടക്കിയിട്ട് നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങള്‍ കേരളത്തിലെ മൊത്തം തന്ത്രി മാരുടെ തന്ത്രി മഹാസമ്മേളനം വിളിച്ച് കൂട്ടി ശബരിമലയില്‍ ഉണ്ടായ ദോഷത്തിന് പരിഹാര പൂജ നടത്തണ്ട .അവിടെ ഉണ്ടായ പ്രധാന ദോഷം നിങ്ങള്‍ അതിക്രമിച്ച് കടന്ന് ശബരിമല കൈക്കലാക്കി എന്നതാണ് .പരിഹാരം നിങ്ങള്‍ നടപൂട്ടി താക്കോല്‍ മലയരയര്‍ക്ക് നല്കി തെറ്റ് പറ്റിയെന്നു പറഞ്ഞിറങ്ങി പോകുക.രാജഭരണം മാറി ജനാധിപത്യ ഭരണത്തിലും മലയരന്‍മാരെയോ, മറ്റ് ആദിവാസി വിഭാഗങ്ങളേയോ ഒരു ദേവസ്വം ബോര്‍ഡിലും ബോര്‍ഡ്അംഗം പോലുമാക്കിയിട്ടില്ല. ഒരു ദേവസ്വം ബോര്‍ഡ് അമ്പലത്തിലും ഒരു പ്യൂണ്‍ പോസ്റ്റിലും നിയമിച്ചിട്ടില്ല എന്നത് ഇതൊക്കെനിയന്ത്രിക്കുന്ന സവര്‍ണ്ണ ഭക്തന്മാര്ക്ക് നന്നായി അറിയാം എങ്കിലും അവര്‍ അടുപ്പിക്കില്ല.എന്തു കൊണ്ട് കറുപ്പ് ഉടുത്ത് വ്രതമെടുക്കേണ്ട സ്ഥലത്ത് കാവിയും തെറിപ്പാട്ടുമായി വരുന്നവരെ നിങ്ങള്‍ ഭക്തരായിസംരക്ഷിക്കുന്നു രാജതന്ത്രി കുടുംബക്കാരെ ഒന്ന് കരുതിക്കോളൂ ആദിവാസികള്‍ അയ്യപ്പനെ മാത്രമല്ല ഭരണഘടനയെയും വിശ്വസിക്കുന്നവരാണ് .നിങ്ങള്‍ മാറിതരേണ്ടി വരും മാറുമ്പോള്‍ സന്നിധാനത്ത് താന്ത്രിക ആചാരപ്രകാരം വിജയ് മല്യ പതിനെട്ടാം പടിയിലും അമ്പലത്തിലും പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്പാളികളും കൂടി കൊണ്ടു പൊയ്ക്കൊള്ളണം .ഞങ്ങടെ പൂജ വേറയാണ് . തേനഭിഷേകം ,ഉണക്കലരി. നാടന്‍ വാറ്റ് ചാരായം അങ്ങനെ നിങ്ങള്‍ക്ക് ശീലമില്ലാത്ത പലതും … നിങ്ങള്‍ അവിടുന്ന് ഇറങ്ങിയിട്ട് വേണം അയ്യനെ കാണാന്‍ കറുപ്പുടുത്ത് താടീം മുടിയും വളര്‍ത്തി എരുമേലി പേട്ടതുള്ളി ഇരുമ്പൂ ന്നിക്കര വഴി ഉടുമ്പാറ വില്ലനെ കണ്ട് കരിമലയില്‍ പൂര്‍വികരെ നമിച്ച് മലദൈവങ്ങളോട് ഉറക്കെ സംസാരിച്ച് പമ്പയില്‍ ബലിയിട്ട് മല ചവിട്ടും ഭാര്യക്കും സഹോദരിമാര്‍ക്കും മല ചവിട്ടി വരാന്‍ ഇഷ്ടമുണ്ടങ്കില്‍ അവരുമുണ്ടാകും . കൈമുറിച്ച് രക്തം വരുത്തിയും മൂത്രമൊഴിച്ചും അശുദ്ധമാക്കണ്ട. അല്ലാതെ തന്നെ നിങ്ങള്‍ അവിടം മലിനമാക്കിയിരിക്കുന്നു .നിങ്ങളവിടെ. മലയരയര്‍ മാത്രമല്ല മലമ്പണ്ടാരം, ഊരാളി, ഉള്ളാടര്‍ തുടങ്ങിയ ആദിവാസി ഗോത്ര വിഭാഗങ്ങളും അയ്യപ്പനെ ആരാധിച്ചു പോരുന്നു. അയ്യപ്പന് മാത്രമല്ല മലകളും ഞങ്ങളുടെ ദൈവമാണ് കാടും മലയും പുഴയും പുലിയുമെല്ലാം.’ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ് …. ശരണമയ്യപ്പ …. ശരണമയ്യപ്പ ….. ശരണമയ്യപ്പ ……… മല്ലു പി ശേഖര്‍ (മലയരയ ഗോത്രം)
Discussion about this post