കേരളത്തിലെത്തി ഉമ്മയെ കാണണം; വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി

കേരളത്തിലേക്ക് വീണ്ടുമെത്താന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി.

Madani1 | Kerala news

ബംഗളൂരു: കേരളത്തിലേക്ക് വീണ്ടുമെത്താന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. ഉമ്മയുടെ രോഗം മൂര്‍ഛിക്കുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതോടെയാണ് മഅ്ദനി നാട്ടിലേക്ക് വരാന്‍ കോടതിയുടെ അനുമതി തേടിയത്. ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും.

അര്‍ബുദരോഗ ബാധിതയായി അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയെ കാണാന്‍ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതിക്ക് അപേക്ഷ നല്‍കിയത്. ബംഗളൂരു സ്ഫോടനക്കേസ് പരിഗണിക്കുന്ന പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ അഡ്വ. പി ഉസ്മാന്‍ മുഖേനെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഉമ്മയെ സന്ദര്‍ശിക്കാനും മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ മഅ്ദനിക്ക് സുപ്രീംകോടതി 14 ദിവസത്തെ പ്രത്യേക അനുമതി നല്‍കിയിരുന്നു.

ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന മഅ്ദനിക്ക് ജാമ്യം ലഭിച്ചെങ്കിലും ബംഗളൂരു നഗരം വിട്ടുപോകാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.

Exit mobile version