കണ്ണൂര്‍: മാല മോഷണ കേസില്‍ കുരുക്കി പോലീസ് പീഡിപ്പിച്ച കണ്ണൂര്‍ സ്വദേശി വി കെ താജുദ്ദീന് പോലീസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. തന്റെ നിരപരാധിത്വം വ്യക്തമായ സാഹചര്യത്തിലാണ് പ്രവാസിയായ താജുദ്ദീന് പോലീസിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
മകളുടെ വിവാഹത്തിനായി ഖത്തറില്‍ നിന്നും നാട്ടിലെത്തിയ താജുദ്ദീനെ 2018 ജൂലൈ അഞ്ചിനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യഥാര്‍ത്ഥ പ്രതിയുമായുള്ള രൂപസാദൃശ്യത്തെതുടര്ന്നായിരുന്നു അറസ്റ്റ്. ഇതിന്റെ പേരില്‍ 56 ദിവസം ജയിലില്‍ കിടന്നു.
പിന്നീട് കര്‍ശന ഉപാധിയോടെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ താജുദ്ദീന് നിരപരാധിയാണെന്നു തെളിയുകയായിരുന്നു. പുറത്തിറങ്ങിയ ശേഷം സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് കുറ്റവാളിയെ താജുദ്ദീന് തന്നെ കണ്ടെത്തുകയും ചെയ്തു.
തെറ്റു ചെയ്തിട്ടില്ലയെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് കഴിഞ്ഞു. വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുവാന്‍ തയ്യാറെടുക്കുകയാണ് താജുദ്ദീന്.
Discussion about this post