കൊച്ചി: സ്വന്തം അഭിനയ വൈഭവം തെളിയിക്കാനുള്ള ഒരു വേദിയാണ് ടിക് ടോക്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് തന്റെ കഴിവുകള്‍ പ്രകടമാക്കുന്നത്. എന്നാല്‍ ഇവിടെയും നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ നേരിടുന്നു എന്നതാണ് ഏറെ സങ്കടകരം. പലരും ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്. ഈ പട്ടികയിലേയ്ക്ക് ഒരു പെണ്‍കുട്ടി കൂടിയെ കൂടി സമൂഹം തള്ളി വിട്ടിരിക്കുകയാണ്.
സൗന്ദര്യം ഉള്ളവര്‍ക്ക് മാത്രമാണോ ടിക് ടോക്? അതോ സുന്ദരികളെന്ന് നിങ്ങള്‍ വിശ്വസിക്കുന്നവര്‍ മാത്രം ടിക് ടോക് വിഡിയോ ചെയ്താല്‍ മതിയോ? ആരാണ് സൗന്ദര്യം നിശ്ചയിക്കുന്നത്? സോഷ്യല്‍ മീഡിയയില്‍ ചിലത് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അറിയാതെയെങ്കിലും ഇങ്ങനെയൊക്കെ ചോദിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
വൃക്കരോഗി കൂടിയായ ഒരു പെണ്‍കുട്ടിയാണ് ബോഡി ഷെയിമിങ്ങിന്റെ പേരില്‍ കടുത്ത മാനസിക പീഡനം നേരിട്ടത്. ഇവര്‍ ചെയ്ത ടിക് ടോക് വിഡിയോ കണ്ട പലരും വെറുപ്പിക്കരുത് എന്നുപറഞ്ഞ് കമന്റ് ബോക്‌സില്‍ വരുകയായിരുന്നു. ഇതോടെ വിഡിയോ ചെയ്യുന്നത് നിറുത്തുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി കണ്ണീരോടെ എത്തി. താനൊരു കിഡ്‌നി രോഗിയാണെന്ന് പറഞ്ഞിട്ടും ഇവര്‍ പെണ്‍കുട്ടിയെ വെറുതെ വിടാന്‍ തയ്യാറായില്ല.
രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങള്‍. അവര്‍ക്കുവേണ്ടി ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പെണ്‍കുട്ടി പങ്കുവച്ചു. ഇതോടെയാണ് ആക്രമണത്തിന് അല്‍പമെങ്കിലും ശമനം ഉണ്ടയാത്. സൈബര്‍ ലോകത്ത് വിഡിയോ വൈറലായതോടെ നിരവധിപേര്‍ പേര്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച് രംഗത്തുവന്നു. ഇപ്പോള്‍ പിന്തുണയും ഏറി വരുന്നുണ്ട് എന്നതാണ ഇവരുടെ ഏക ആശ്വസം.