കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം നീട്ടിവെയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കോടതി ഓര്‍മ്മപ്പെടുത്തി.
മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവും ഒരുക്കം വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ആവശ്യപ്പെട്ട് പിഡി ജോസഫായിരുന്നു ഹര്‍ജി നല്‍കിയത്. മതിയായ സുരക്ഷ ഏര്‍പ്പെടുത്താതെ യുവതീപ്രവേശം നടപ്പാക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.
ഹര്‍ജി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരുമുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹര്‍ജിക്കാരനോട് കോടതി സൂചിപ്പിച്ചു.
Discussion about this post