കോതമംഗലം: രോഗിയായ രഞ്ജിനിക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങി അവിടെ വീട് നിര്‍മ്മിച്ച് നല്കി കോതമംഗലം ട്രാഫിക് പോലീസ്. പ്രളയസമയത്ത് വീടുകള്‍ കയറി ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ രോഗിയായ രഞ്ജിനിയുടെ വീടും സാമ്പത്തിക ബുദ്ധിമുട്ടുകളും പെടുന്നത്.
പിന്നീട് തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെച്ച് രഞ്ജിനിക്കായി മൂന്ന് സെന്റ് സ്ഥലം വാങ്ങി. അതില്‍ സുമനസുകളുടെ സഹായത്തോടെ വീടൊരുക്കുകയായിരുന്നു. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ വിവരങ്ങളും വീടിന്റെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘പ്രളയത്തില്‍ കൈത്താങ്ങായി;
തലചായ്ക്കാന്‍ വീടും നല്കി…
രോഗിയായ രഞ്ജിനിക്ക് സഹായമേകി കോതമംഗലം ട്രാഫിക് പോലീസ്
പ്രളയ സമയത്തു പെരിയാറിന്റെ വാട്ടര്ലെവെല് ക്യാച്ച്മെന്റ് ഏരിയയില്‍ ഉള്ള പാലമറ്റം ചീക്കോട് രഞ്ജനിയുടെ വീട് ദിവസങ്ങളോളം പ്രളയജലത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. കോതമംഗലത്തെ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ പോലീസുദ്യോഗസ്ഥര്‍ പ്രളയ ബാധിതരെ സഹായിക്കുന്നതിനും വീടുകള്‍ കയറി ശുചീകരണ പ്രവര്‍ത്തങ്ങളും നടത്തിവരവെയാണ് മണ്‍കട്ടയില്‍ പണിത രഞ്ജിനിയുടെ വീടും കാണുവാന്‍ ഇടയാകുന്നത്. രഞ്ജിനിയുടെ വീട് വൃത്തിയാക്കിയശേഷം അവരുടെ സാഹചര്യങ്ങള്‍ അന്വേഷിച്ച പോലീസുകാര്‍ ശരിക്കും ആ കുടുംബത്തെ ഹൃദയത്തില്‍ സൂക്ഷിക്കുകയായിരുന്നു. സാമ്പത്തികമായും , ശാരീരികമായും തളര്‍ന്ന അവസ്ഥയിലായിരുന്നു രഞ്ജിനി.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു നാല് സര്‍ജറികള്‍ കഴിഞ്ഞു ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അവരുടെ അവസ്ഥയില്‍ അവരെ സഹായിക്കുവാനുള്ള ദൃഢ പ്രതിജ്ഞയുമായാണ് പോലീസുകാര്‍ അവിടം വിട്ടത്. അങ്ങനെ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ചു മൂന്ന് സെന്റ് ഭൂമി വാങ്ങുകയും സുമനസ്സുകളുടെ കൂടി സഹായത്തോടെ ഒരു കുഞ്ഞുവീട് യാഥാര്‍ഥ്യമാക്കുകയായിരുന്നു. പാലമറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ കോതമംഗലം സബ് ഇന്‍സ്പെക്ടര്‍ . ബേസില്‍തോമസ്, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ ടി.എന്‍.രാജന് എന്നിവര്‍ രഞ്ജിനിക്ക് വീടിന്റെ താക്കോല്‍ കൈമാറി
രോഗിയായ രഞ്ജിനിക്ക് ചികിത്സാ സഹായവും പോലീസുദ്യോഗസ്ഥര്‍ നല്കിവരുന്നു. പാലമറ്റത്തിനടുത്തു ചെറിയതോതില്‍ പച്ചക്കറി വില്‍പ്പന നടത്തിയാണ് രഞ്ജിനി ജീവിത ചെലവുകള്‍ കണ്ടെത്തുന്നത്.’
Discussion about this post