കൊച്ചി:ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെ സിബിഐ ഗൂഢാലോചന കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ സിപിഎം നേതാവ് എംവി ജയരാജന്‍.
രാഷ്ട്രീയ ഗൂഢാലോചനയാണ് പി ജയരാജന്റെയും ടിവി രാജേഷിന്റെയും പേരില്‍ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്താന്‍ കാരണമെന്ന് എംവി ജയരാജന്‍ പറയുന്നു.
ലീഗുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കുപറ്റിയാണ് പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ ജയരാജനെ കാണാന്‍ ലീഗുകാര്‍ തന്നെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലെത്തിച്ചേര്‍ന്നുവത്രേ!. അവിശ്വസനീയമാണത്.
മാത്രമല്ല, തങ്ങള്‍ ആശുപത്രിപ്പരിസരത്തേ പോയിട്ടില്ലെന്ന് പ്രസ്തുത സാക്ഷികള്‍ മറ്റൊരു കോടതിയില്‍ സ്വന്തംമൊഴി തിരുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ആ സാക്ഷികള്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ട കള്ളസാക്ഷികളാണ് എന്ന ആക്ഷേപം ഉയര്‍ന്നുവന്നത്.
സിബിഐയെ രാഷ്ട്രീയപ്രേരിതമായി ദുരുപയോഗം ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണ്. പി ജയരാജന്റെയും ടിവി രാജേഷിന്റെയും പേരില്‍ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ‘രാഷ്ട്രീയ കുറ്റപത്ര’മാണ്. ഇതിനെതിരെ, നീതിബോധവും
ജനാധിപത്യബോധവുമുള്ള ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post