മലപ്പുറം: സഞ്ചാരയോഗ്യമായ വഴിയില്ലാത്തതുകൊണ്ട് ഊരുമൂപ്പന്റെ മൃതദേഹം കോളനിയിലേക്ക് എത്തിച്ചത് 8 കിലോമീറ്റര്‍ ചുമന്നുകൊണ്ട്. പൂക്കോട്ടുംപാടത്തിന് സമീപത്തെ അച്ചനള കോളനിയിലേക്കാണ് റോഡില്ലാത്തതുകൊണ്ട് ജനങ്ങളുടെ ദുരവസ്ഥ.
പൂക്കോട്ടുംപാടത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് അച്ചനള കോളനി. ചോലനായ്ക്കര്‍ വിഭാഗത്തിലുള്ളവര്‍ താമസിക്കുന്ന കോളനിയിലെ മൂപ്പനായ കുങ്കന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍വെച്ച് ഇന്നലെയാണ് ക്ഷയരോഗം മൂലം മരിച്ചത്. പൂക്കോട്ടുംപാടത്തുള്ള ഗ്യാസ് ശ്മശാനത്തില്‍ സംസ്‌കരിക്കാമെന്ന നിര്‍ദ്ദേശം ഐടിഡിപി ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ചെങ്കിലും കുങ്കന്റെ ബന്ധുക്കള്‍ സമ്മതിച്ചില്ല.
ഇതേത്തുടര്‍ന്ന് പൂക്കോട്ടുംപാടത്തുനിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ടികെ കോളനി വരെ മൃതദേഹം ആംബുലന്‍സില്‍ എത്തിച്ചു. പിന്നീടുള്ള 8 കിലോമീറ്റര്‍ മുളയും തുണിയും കൂട്ടിക്കെട്ടി അതില്‍ മൃതദേഹം ചുമന്നുകൊണ്ടുപോവുകയായിരുന്നു. നാല് മണിക്കൂറെടുത്തു അച്ചനള കോളനിയിലെത്താന്‍. വീടിന് സമീപം സംസ്‌കാരം നടത്തി.
പൂക്കോട്ടുംപാടത്തുനിന്ന് പാട്ടക്കരിമ്പ് – സായ് വിള വഴി കോളനി ജീപ്പ് പാത ഉണ്ടായിരുന്നെങ്കിലും നിലവില്‍ സഞ്ചാരയോഗ്യമല്ല. ആര്‍ക്കെങ്കിലും അസുഖം ബാധിച്ചാലും ഇത്തരത്തില്‍ കിലോമീറ്ററുകള്‍ ചുമന്ന് കൊണ്ടുവരേണ്ട ഗതികേടിലാണ് അച്ചനള കോളനിക്കാര്‍.