മസ്‌കത്ത്: യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. വിമാനത്തിനുള്ളിലെ മര്‍ദ്ദ വ്യതിയാനത്തെ തുടര്‍ന്നാണ് നാല് യാത്രക്കാര്‍ക്കാണ് മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായത്. ചിലര്‍ക്ക് ചെവി വേദന പോലുള്ള അസ്വസ്ഥതകളുമുണ്ടായി. പിന്നാലെ വിമാനം മസ്‌കത്ത് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 3.19ന് (ഇന്ത്യന്‍ സമയം 4.49) മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട ഐഎക്‌സ് 350 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന് 12,000 അടി ഉയരത്തിലെത്തിയപ്പോള്‍ അസ്വസ്ഥതകള്‍ പ്രകടമായി. 185 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
മസ്‌കത്തില്‍ തന്നെ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ചു. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. വിമാനത്തിലെ മര്‍ദവ്യതിയാന സംവിധാനത്തിലെ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
തകരാര്‍ പരിഹരിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2.15ന് വിമാനം കോഴിക്കോടേക്ക് പറന്നു. ജീവനക്കാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനാല്‍ പകരം ജീവനക്കാരെ എത്തിച്ചാണ് സര്‍വീസ് നടത്തിയത്. സംഭവം സിവില്‍ വ്യോമയേന ഡയറക്ടറേറ്റില്‍ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ശ്യാം സുന്ദര്‍ പറഞ്ഞു.
Discussion about this post