ശബരിമലയിലെ സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 1410 പേര്‍; ജാമ്യത്തിലിറങ്ങിയത് 1250 പേര്‍; 13 ലക്ഷം വീതം കെട്ടിവെച്ചാല്‍ ജാമ്യം!

അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരാണ്.

തിരുവനന്തപുരം: തുലാമാസ പൂജയ്ക്കായി തുറന്ന ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ ഇതുവരെ 1410 പേര്‍ അറസ്റ്റിലായി. ഇതില്‍ 1250 പേരെ ജാമ്യത്തില്‍ വിട്ടു. 160 പേരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരാണ്.

ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് 440 കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലാണ് വിവിധ ജില്ലകളില്‍നിന്ന് 1410 പേര്‍ അറസ്റ്റിലായത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും ഈ കൂട്ടത്തിലുണ്ട്.

ഏറ്റവുമധികം പേര്‍ അറസ്റ്റിലായത് എറണാകുളത്താണ്. ഇവിടെ 310 പേര്‍ അറസ്റ്റിലായി. പത്തനംതിട്ടയില്‍ 120 പേരും മലപ്പുറത്ത് 133 പേരും ആലപ്പുഴയില്‍ 191 പേരും വയനാട്ടില്‍ 100 പേരും അറസ്റ്റിലായി. പത്തനംതിട്ടയില്‍ അറസ്റ്റിലായ പകുതിയോളം പേര്‍ക്ക് ജാമ്യം ലഭിച്ചില്ല. നിലയ്ക്കലിലും പരിസരങ്ങളിലും സംഘര്‍ഷമുണ്ടാക്കിയതിന് 310 പേര്‍ക്കെതിരെ കേസെടുത്തു.

അതേസമയം, നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പോലീസ് വാഹനങ്ങളും 18 കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം.

ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറക്കിയ 210 പേരുടെ ചിത്രങ്ങളില്‍ 167 പേരെ തിരിച്ചറിഞ്ഞു. പോലീസ് ചിത്രീകരിച്ച ദൃശ്യങ്ങളും ചിത്രങ്ങളും വിശകലനം ചെയ്തു 250 പേരുടെ ചിത്രങ്ങള്‍ കൂടി ഉടന്‍ പുറത്തുവിടും. അതേസമയം ആദ്യം പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ട 15ഓളം പേരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ശബരിമല ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.

അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആയുധങ്ങളുമായി സംഘം ചേര്‍ന്നു, പൊതുമുതല്‍ നശിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു, ശരണപാതയില്‍ യുവതികളെ തടഞ്ഞു, ഹര്‍ത്താലിന്റെ ഭാഗമായുള്ള ആക്രമണം, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Exit mobile version