തലശ്ശേരി: എംഎസ്എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരേയാണ് കുറ്റപത്രം. ജയരാജന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന സിബിഐ, കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം
സമര്‍പ്പിച്ചിരിക്കുന്നത്.
തലശ്ശേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര ‘മണ്ഡലത്തില്‍ നിന്ന് പി ജയരാജന് മത്സരിച്ചേക്കുമെന്ന സൂചനകള്‍ വന്നിരിക്കെയാണ് സിബിഐ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
302, 120 ബി വകുപ്പുകള്‍ ചുമത്തിയാണ് ജയരാജനെതിരെയുള്ള കുറ്റപത്രം. നേരത്തെ ജയരാജനെതിരെ 118 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ആരോപിച്ചിരുന്നത്. സാക്ഷികളായി ലീഗ് പ്രവര്‍ത്തകരെ കിട്ടിയിട്ടും, ലോക്കല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന നിസാര വകുപ്പുകള്‍ ചുമത്താന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ ലോക്കല്‍ പോലീസ് വിഷമിക്കുന്ന ഘട്ടത്തില്‍ ആണ് കേസ് സിബിഐ യ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ കൈമാറിയത്. അന്ന് തന്നെ പി ജയരാജനെ കുടുക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു.
2012 ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജനും ടിവി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് പിന്നാലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പലയിടങ്ങളിലായി നടന്നു. അതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്. ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് കുറ്റപത്രം .
കള്ള സാക്ഷികളെ മുന്‍ നിര്‍ത്തിയാണ് കേസെന്നാണ് സിപിഎം നേതൃത്വം നല്കുന്ന വിശദീകരണം. ജയരാജന് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post